സാധാരണ നമസ്കാരം
സന്ധ്യ
കൌമാ
പിതാവിനും പുത്രനും പരിശുദ്ധ റൂഹായുമായ സത്യേക ദൈവത്തിന്‍റെ തിരുനാമത്തില്‍ തനിക്കു സ്തുതി. ആദിമുതല്‍ എന്നെന്നേക്കും തന്നെ. ആമീന്‍.തന്‍റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറയപ്പെട്ടിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുവാനിരിക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു. ഉയരങ്ങളില്‍ സ്തുതി.
ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കു വേണ്ടി കുരിശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണ ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ മേല്‍ കരുണയുണ്ടാകേണമേ. ഞങ്ങളുടെ കര്‍ത്താവേ! കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ശുശ്രൂഷയും നമസ്കാരവും കൈക്കൊണ്ടു ഞങ്ങളോടു കരുണ ചെയ്യണമേ.
ദൈവമേ! നിനക്കു സ്തുതി. സൃഷ്ടാവേ! നിനക്കു സ്തുതി. പാപികളായ നിന്‍റെ അടിയാരോടു കരുണ ചെയ്യുന്ന മിശിഹാ രാജാവേ! നിനക്കു സ്തുതി, ബാറെക്മോര്‍,
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ. ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ തിന്മപ്പെട്ടവനില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.
കൃപ നിറഞ്ഞ മറിയമേ! നിനക്കു സമാധാനം. നമ്മുടെ കര്‍ത്താവ് നിന്നോടുകൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍ ആകുന്നു. നിന്‍റെ ഉദരഫലമായ നമ്മുടെ കര്‍ത്താവീശോമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ശുദ്ധമുള്ള കന്യക മര്‍ത്തമറിയമേ! തമ്പുരാന്‍റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണ സമയത്തും ദൈവം തമ്പുരാനോടു അപേക്ഷിച്ചു കൊള്ളേണമേ, ആമ്മീന്‍.
മാര്‍ ബാലായിയുടെ അപേക്ഷ
അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനേ! അനുകൂലത്തിന്‍റെ ദിവസത്തില്‍ നിന്‍റെ സൃഷ്ടിയെ നീ പുതുതാക്കേണമേ. കര്‍ത്താവേ! നിന്‍റെ ആശ്രയത്തില്‍ മരിച്ചു നിന്‍റെ വരവിനെ നോക്കി പാര്‍ക്കുന്ന ഞങ്ങളുടെ മരിച്ചുപോയവരെ നീ ആശ്വസിപ്പിച്ചു പുണ്ണ്യമാക്കേണമേ. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കൊബിന്‍റെയും മടിയില്‍ അവരെ നീ പാര്‍പ്പിക്കേണമേ. വന്നവനും വരുന്നവനും മരിച്ചവരെ അനുകൂലമാക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവന്‍ ആകുന്നു എന്നും ശരീരങ്ങളും ആത്മാക്കളും ശരിയായിട്ട് നിലവിളിച്ചു പറയുമാറാകേണമേ.
മോറാന്‍യേശുമിശിഹാ! നിന്‍റെ അനുഗ്രഹങ്ങളുടെ വാതില്‍ ഞങ്ങളുടെ മുഖങ്ങള്‍ക്കു നേരെ നീ അടക്കരുതെ. കര്‍ത്താവേ! ഞങ്ങള്‍ പാപികള്‍ ആകുന്നു എന്ന് ഞങ്ങള്‍ ഏറ്റു പറയുന്നു. ഞങ്ങളുടെ മേല്‍ അനുഗ്രഹം ചെയ്യണമേ.
കര്‍ത്താവേ! നിന്‍റെ മരണത്താല്‍ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ടു നിന്‍റെ സ്നേഹം നിന്‍റെ ഇടത്തില്‍ നിന്ന് ഞങ്ങളുടെ പക്കല്‍ ഇറക്കി ഞങ്ങളുടെ മേല്‍ നീ അനുഗ്രഹം ചെയ്യണമേ. ആമ്മീന്‍.
മസുമൂറാകള്‍
ഉയരപ്പെട്ടവന്‍റെ മറവില്‍ വസിക്കുകയും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനുമേ!
ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവം എന്‍റെ ശരണവും സങ്കേതസ്ഥലവും എന്ന് കര്‍ത്താവിനെകുറിച്ചു നീ പറയുക.
എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍നിന്നും നിന്നെ രക്ഷിക്കും.
അവന്‍ അവന്‍റെ തൂവലുകള്‍കൊണ്ടു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.
നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍ നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍ നിന്നും ഉച്ചയില്‍ ഊതുന്ന കാറ്റില്‍ നിന്നും ഭയപ്പെടുകയില്ല.
നിന്‍റെ ഒരു ഭാഗത്ത് ആയിരങ്ങളും നിന്‍റെ വലത്തുഭാഗത്ത് പതിനായിരങ്ങളും വീഴും.
എങ്കിലും അവര്‍ നിങ്കലേക്കു അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍ കൊണ്ടു നീ കാണുക മാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഭലത്തെ നീ കാണും.
എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളിലാക്കിയ എന്‍റെ ശരണമായ കര്‍ത്താവ് നീ ആകുന്നു.
ദോഷം നിന്നോടു അടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിന് സമീപിക്കുകയുമില്ല.
എന്തെന്നാല്‍ നിന്‍റെ സകല വഴികളിലും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെകുറിച്ച് അവന്‍റെ മാലാഖമാരോടു കല്‍പ്പിക്കും.
നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുണ്ടാകാതിരിപ്പാന്‍ അവന്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.
സര്‍പ്പത്തേയും അണലിയെയും നീ ചവിട്ടും. സിംഹത്തിനെയും പെരുമ്പാമ്പിനെയും നീ മെതിക്കും. അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ടു ഞാന്‍ അവനെ രക്ഷിക്കും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട് ഞാന്‍ അവനെ ബലപ്പെടുത്തും.
അവന്‍ എന്നെ വിളിക്കും. ഞാന്‍ അവനോടു ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.
ദീര്‍ഘയുസ്സുകൊണ്ട് ഞാന്‍ അവനെ ത്രിപ്തിപെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.
ഞാന്‍ പര്‍വതത്തിലേക്ക് എന്‍റെ കണ്ണുകളെ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെനിന്നു വരും.
എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ചവനായ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.
അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കുകയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയുമില്ല.
എന്തെന്നാല്‍ ഇസ്രായേലിന്റെ കാവല്‍ക്കാരന്‍ കര്‍ത്താവാകുന്നു. കര്‍ത്താവു നിന്‍റെ വലത്തുകൈകൊണ്ടു നിനക്ക് നിഴലിടും.
പകല്‍ ആദിത്യനും രാത്രിയില്‍ ചന്ദ്രനും നിന്നെ ഉപദ്രവിക്കുകയില്ല.
കര്‍ത്താവു സകല ദോഷങ്ങളില്‍നിന്നും നിന്നെ കാത്തുകൊള്ളും. കര്‍ത്താവ് നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.
അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തേയും ഇതുമുതല്‍ എന്നേക്കും പരിപാലിക്കും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.
ഉയരപ്പെട്ടവന്റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ അനുഗ്രഹത്തിന്‍റെ ചിറകുകളുടെ നിഴലില്‍കീഴില്‍ ഞങ്ങളെ മറച്ച് ഞങ്ങളോടു കരുണയുണ്ടാകേണമേ.
സകലവും കേള്‍കുന്നവനെ! നിന്‍റെ അനുഗ്രഹത്താല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.
മഹത്വമുള്ള രാജാവും ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹാ! നിരപ്പു നിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്ണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരേണമേ!
ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കികൊണ്ടിരിക്കുന്നു. ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും പാപങ്ങളും നീ പുണ്ണ്യമാക്കി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യണമേ.
കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കണമേ.
നിന്‍റെ സ്ലീബാ+ ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഞങ്ങള്‍ ജീവനോടെയിരിക്കുന്ന നാളുകള്‍ ഒക്കെയും നിന്‍റെ വലതുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കേണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴേണമേ. നിന്നോടു അപേക്ഷിക്കുന്ന ആത്മാക്കള്‍ക്ക് ശരണവും രക്ഷയും നീ ഉണ്ടാക്കേണമേ.
നിന്നെ പ്രസവിച്ച മറിയാമിന്റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍ ദൈവമേ! ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.
എന്നേക്കും തന്‍റെ ഇടത്തില്‍നിന്ന് കര്‍ത്താവിന്‍റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു+. എന്നേക്കും തന്‍റെ ഇടത്തില്‍ നിന്ന് കര്‍ത്താവിന്‍റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു+. എന്നേക്കും തന്‍റെ ഇടത്തില്‍ നിന്ന് കര്‍ത്താവിന്‍റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു+.
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുണ്ടാകേണമേ. വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുണ്ടാകേണമേ. വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുണ്ടായി ഞങ്ങളോടു കരുണയുണ്ടാകേണമേ.
നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളതാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളതാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.
ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി. എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറെക്മോര്‍.
വിശ്വാസപ്രമാണം
സര്‍വശക്തിയുള്ള പിതാവായ ആകാശത്തിന്‍റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാനപ്പെടാത്തവയുമായ സകലത്തിന്റെയും സൃഷ്ടാവായ സത്ത്യമുള്ള ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
ദൈവത്തിന്‍റെ ഏക പുത്രനും സര്‍വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് സമത്ത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മിക്കപ്പെട്ടവനും മനുഷ്യരായ നമുക്കും നമ്മുടെ രക്ഷക്കും വേണ്ടി സ്വര്‍ഗത്തില്‍ നിന്നു ഇറങ്ങി+ വിശുദ്ധ റൂഹായാല്‍ ദൈവമാതാവായ വിശുദ്ധ കന്യകമരിയാമില്‍ നിന്നും ശരീരിയായി+ തീര്‍ന്ന് മനുഷ്യനായി, പോന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ നമുക്കുവേണ്ടി + കുരിശില്‍ തറയ്ക്കപ്പെട്ടു, കഷ്ടമനുഭവിച്ചു മരിച്ചു അടയ്ക്കപ്പെട്ട്, തിരുമാനസ്സായ പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരേയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും, തന്‍റെ രാജ്യത്തിന് അവസാനമില്ലാത്തവനും ആയ യേശുമിശിഹാ ആയ ഏക കര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും പിതാവില്‍ നിന്നു പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനും ആയ, ജീവനും വിശുദ്ധിയും ഉള്ള ഏക റൂഹായിലും, കാതോലികവും ശ്ലൈഹീകവും ആയ ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
പാപമോചനത്തിനു മാമോദീസ ഒന്നു മാത്രമേയുള്ളൂ എന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞ്, മരിച്ചുപോയവരുടെ ഉയിര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍ ബാറെക്മോര്‍ സ്തൌമേന്‍ കാലോസ് കുറിയെലായിസ്സോന്‍.
അപേക്ഷ
പെട്ടാങ്ങപ്പെട്ട ദൈവംതംബുരാനെ! ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമെ. തിന്മകള്‍ ഒക്കെയില്‍ നിന്നും ദോഷങ്ങള്‍ ഒക്കെയില്‍ നിന്നും തിന്മപെട്ട മനസ്സൊക്കെയില്‍ നിന്നും വേശ്യാദോഷ ചിന്തയില്‍ നിന്നും ശത്രുക്കള്‍ ഒക്കെയില്‍ നിന്നും ചതിവിനുടെ സ്നേഹക്കാരില്‍ നിന്നും പിശാചുക്കളുടെ പരീക്ഷകളില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മകളില്‍ നിന്നും ആശുദ്ധപ്പെട്ട വികാരങ്ങളില്‍ നിന്നും മ്ലേഛ്തപ്പെട്ട മോഹങ്ങളില്‍ നിന്നും സാത്താനടുത്ത വിചാരങ്ങളില്‍ നിന്നും തിന്മപെട്ട സ്വപ്നങ്ങളില്‍ നിന്നും ഒളിക്കപ്പെട്ട കെണികളില്‍ നിന്നും മിനക്കടപ്പെട്ട വചനങ്ങളില്‍ നിന്നും വന്‍ ചതിവുകളില്‍ നിന്നും തിന്മപെട്ട ഉത്തരപ്പില്‍ നിന്നും ഇഹലോകത്തിനടുത്ത സകല പരീക്ഷകളില്‍ നിന്നും ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. അരിശത്തിനുടെ വടിയില്‍ നിന്നും പെട്ടെന്നുള്ള മരണത്തില്‍ നിന്നും കോപത്തില്‍ നിന്നും ദ്വേഷതയില്‍ നിന്നും മിന്നലുകളില്‍ നിന്നും ഇടികളില്‍ നിന്നും വസന്തകളില്‍ നിന്നും തീ നരകത്തില്‍ നിന്നും കടുമപ്പെട്ട ദുഷ്കര്‍മങ്ങളില്‍ നിന്നും ചാകാത്ത പുഴുവില്‍ നിന്നും കെടാത്ത തീയില്‍ നിന്നും പല്ലുകടിയില്‍ നിന്നും കരച്ചിലില്‍ നിന്നും കയ്പു പെട്ട ഭവിതത്തില്‍ നിന്നും തിന്മപെട്ട നാഴികയില്‍ നിന്നും ഉപദ്രവിക്കുന്നതായ മുഷ്കരത്തില്‍ നിന്നും പഞ്ഞത്തില്‍ നിന്നും പേടിയില്‍ നിന്നും ഇളക്കത്തില്‍ നിന്നും സഹിപ്പാന്‍ വഹിയാത്ത ശിക്ഷകള്‍ ഒക്കെയില്‍ നിന്നും 'പോകുവിന്‍ നിങ്ങളെ ഞാന്‍ അറിയുന്നില്ല' എന്നുള്ള തിരുവചനത്തില്‍ നിന്നും നിന്നില്‍ നിന്നു ഞങ്ങളെ അകറ്റുന്നതായ സകലത്തില്‍ നിന്നും കര്‍ത്താവേ! ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. അമ്മീന്‍.
സൂത്താറ
കരുണയുള്ള ദൈവമേ! നിന്‍റെ വാതിലില്‍ ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടുന്നു. നിന്നെ വന്ദിക്കുന്നവരില്‍നിന്ന് അവരുടെ ആവശ്യങ്ങളെ നീ വിരോധിക്കരുതേ. ദൈവമേ ഞങ്ങളുടെ ബലഹീനതയുടെ സഹായത്തിനു നിന്നെ ഞങ്ങള്‍ വിളിക്കുന്നു. നല്ലവനേ! ഞങ്ങളുടെ അപേക്ഷയുടെ സ്വരം കേട്ട് നിന്‍റെ അനുഗ്രഹങ്ങളാല്‍ ഞങ്ങളുടെ യാചനകള്‍ നല്‍കുമാറാകണമേ.
മാര്‍ അപ്രേമിന്‍റെ ബോവൂസ
ഞങ്ങള്‍ക്കുള്ള കര്‍ത്താവേ!
ഞാനിഹ നിദ്രയൊഴിഞ്ഞിട്ടു
ഉണര്‍വോടെ നിന്‍ തിരുമുമ്പില്‍
നില്പാനെനിക്ക് നീ നല്കണമേ.
വീണ്ടും ഞാന്‍ ഉറങ്ങുന്നാകില്‍
എനിക്കുള്ള എന്‍റെയുറക്കം
കര്‍ത്താവേ! നിന്‍ തിരുമുമ്പില്‍
ദോഷം കൂടാതാകനമേ.
എന്നുണര്‍ച്ചയില്‍ ഞാന്‍ ചതിപെടുകില്‍
നിന്‍ നന്മയില്‍ ഞാന്‍ പൊറുക്കപെടും
ഉറക്കത്തില്‍ ഞാന്‍ പിഴച്ചെങ്കില്‍
പൊറുപ്പാന്‍ കരുണ നീ ചെയ്യണമേ.
തവ ക്ഷീണത്തില്‍ സ്കീപ്പായാല്‍
നല്ലയുറക്കമെനിക്കു നീ താ
ആകാസ്വപ്നമശുദ്ധിയില്‍ നി-
ന്നെന്നെ നീ രക്ഷിച്ചു കൊള്ളണമെ.
നിരപ്പു നിറഞ്ഞയുറക്കത്തില്‍
രാവൊക്കെയുമെന്നെ നീ ഭരിക്ക
തണ്യവരും വേണ്ടാനിനവും
എന്നില്‍ മുഷ്കരമാക്കല്ലേ.
നിന്‍റെ അടിയാന്‍ ഞാനതിനാ-
ലെന്‍റെ സന്ധികള്‍ കാപ്പാനായ്
വെളിവിനുടെ മാലാഖായെ
എനിക്കു നീ തരണം കര്‍ത്താവേ!
ദ്വേഷതപെട്ടയപെക്ഷയില്‍ നി-
ന്നെന്നെ നീ രക്ഷിച്ചു കൊള്ളണമേ
ഉയിര്‍പെട്ട നിന്‍ ദേഹത്തെ
ഞാന്‍ അനുഭവിചെന്നതിനാലെ
ഞാന്‍ ചരിഞ്ഞനുകൂലത്താലുറങ്ങുമ്പോള്‍
നിന്‍റെ ചോരയെനിക്കു കാവല്‍
നിന്‍ മനസ്സിനുടെ സ്വതകര്‍മ്മം
നിന്‍ കൃപയോടെ നല്‍കണമേ.
നിന്‍ കൈമെനെഞ്ഞ ശരീരത്തില്‍
നിന്‍റെ വലത്തേതാകണമേ
നിന്‍റെ കരുണകള്‍ കോട്ടയതായ്
എനിക്കു നീ ചുറ്റിച്ചു കൊള്ളണമേ.
ശരീരമടങ്ങിയുറങ്ങുമ്പോള്‍
കാവലതായത് നിന്‍ ശക്തി
സൌരഭ്യമായ ധൂപം പോ-
ലെന്‍റെയുറക്കം തിരുമുമ്പില്‍.
നിന്നെ പെറ്റന്നമ്മയുടെ
നിന്നോടുള്ളയപേക്ഷയാലെ
എനിക്കുള്ള ശയനത്തിന്മേല്‍
തിന്മപെട്ടവനണയരുതേ.
എനിക്കുവേണ്ടീട്ടുണ്ടായെന്ന
നിനക്കുള്ള പൂജയാലെ
എന്നെ വ്യസനത്തിലാക്കായ്‌വാന്‍
സാത്താനെ നീ മുടക്കണമേ.
കര്‍ത്താവേ! നിന്‍ പറഞ്ഞോപ്പ്
എന്‍റെ പക്കല്‍ തികയ്ക്കണമേ
നിനക്കുള്ള സ്ലീബായാലെ
എന്‍റെ ആയുസ്സ് കാക്കണമേ.
ഞാനുണരപ്പെട്ടന്നപ്പോള്‍
നിന്നെ ഞാന്‍ കൊണ്ടാടിടുവാന്‍
എന്‍റെ തളര്‍ച്ചയുടെ പക്കല്‍
നിന്‍റെ ഉപവി നീ കാട്ടണമേ.
നിന്‍ തിരുമനസ്സിനെ ഞാന്‍ അറിഞ്ഞു
ഞാന്‍ അതിനെ ചെയ്വാനായി
നിന്‍ തിരുമനഗുണമതിനാലേ
എനിക്കു നീ മനഗുണം ചെയ്യണമെ
നിരപ്പു നിറഞ്ഞോരന്തിയും
പുണ്ണ്യത്വത്തിനുടെ രാവും
ഞങ്ങളുടെ രക്ഷാകരന്‍ മിശിഹാ
കര്‍ത്താവേ അടിയാര്‍ക്കു നീ തരിക.
വെളിവില്‍ താന്‍ പ്രകാശിച്ചു
വെളിവില്‍ തന്നെ പാര്‍ക്കുന്നു
വെളിവിനുടെ സുതരായവരും
നിന്നെത്തന്നെ വന്ദിക്കുന്നു.
നിനക്കു സ്തുതി നിന്നനനുഗ്രഹങ്ങള്‍
ഞങ്ങളുടെ മേലുമതാകണമെ
ഇഹലോകത്തിലുമതുപോലെ
പരലോകത്തിലുമാതാകണമെ.
എന്‍റെ കര്‍ത്താവേ! നിനക്കു സ്തുതി
നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി
ആയിരങ്ങളുടെ ആയിരവും
അളവുകൂടാതെ നിനക്കു സ്തുതി.
നമസ്ക്കാരം കേള്‍ക്കുന്നവനെ!
യാചനകള്‍ നല്കുന്നവനെ
ഞങ്ങളുടെ നമസ്ക്കാരം കേട്ടു
യാചനകള്‍ നല്കീടണമേ.
കുറിയെലായിസ്സോന്‍, കുറിയെലായിസ്സോന്‍, കുറിയെലായിസ്സോന്‍.
ശുദ്ധമുള്ള ബാവാ, ശുദ്ധമുള്ള നിന്‍റെ തിരുനാമത്താല്‍ ഞങ്ങളെ കാത്തുകൊള്ളേണമേ. രക്ഷിതാവായ പുത്രാ! ജയമുള്ള നിന്‍റെ സ്ലീബായാല്‍ + ഞങ്ങളെ മറച്ചുകൊള്ളേണമേ. ശുദ്ധമുള്ള റൂഹാ ശുദ്ധമുള്ള നിന്‍റെ കുടിയിരിപ്പിന്റെ ഭവനങ്ങള്‍ ആയി ഞങ്ങളെ ചമയ്ക്കേണമേ. ദൈവമായ കര്‍ത്താവേ! നേരമോക്കെയിലും കാലമോക്കെയിലും എല്ലാ സമയങ്ങളിലും നിന്‍റെ ദൈവത്വത്തിന്റെ ചിറകിന്‍ കീഴില്‍ എന്നേക്കും ഞങ്ങളെ മറച്ചുകൊള്ളേണമേ. അമ്മീന്‍.
പാതിരാത്രിയുടെ നമസ്കാരം
അപേക്ഷ
ദൈവമേ! നിങ്കലേക്ക് ഞാന്‍ എന്‍റെ കൈകള്‍ നീട്ടി യജമാനന്മാരുടെ അടുക്കലേക്ക് ദാസന്മാരുടെ കണ്ണുകള്‍ എന്നതുപോലെ നിന്‍റെ അടുക്കലേക്ക് എന്‍റെ കണ്ണുകളെ ഉയര്‍ത്തുന്നു. ദൈവമേ! സൃഷ്ടാവ് നീ സൃഷ്ടിക്കപ്പെട്ടവന്‍ ഞാന്‍. രാജാവ് നീ അടിയാന്‍ ഞാന്‍, കര്‍ത്താവ് നീ അടിമ ഞാന്‍. വലിയവന്‍ നീ, ചെറിയവന്‍ ഞാന്‍. ബാലമുല്ലവാന്‍ നീ. ബാലഹീനന്‍ ഞാന്‍. ക്ഷമിക്കുന്നവന്‍ നീ, പാപം ചെയ്യുന്നവന്‍ ഞാന്‍. അറിയുന്നവന്‍ നീ, അറിവില്ലാത്തവനും അതിക്രമം കാണിക്കുന്നവനും ഞാന്‍. തരുന്നവന്‍ നീ, യാചിക്കുന്നവന്‍ ഞാന്‍. നില നില്കുന്നവന്‍ നീ, അഴിഞ്ഞു പോകുന്നവന്‍ ഞാന്‍. നിന്‍റെ ഇഷ്ടത്താല്‍ എന്നെ നീ സൃഷ്ടിച്ചു. തിരുനാമം എന്നെ നീ അറിയിച്ചു. നിന്നെ വിളിപ്പാന്‍ എന്നെ നീ കല്പിച്ചതുപോലെ മഹാപാപിയായ ഞാന്‍ നിന്നെ വിളിക്കുന്നു. എന്നോടു ഉത്തരമരുളിചെയ്ത് എന്നെ അനുഗ്രഹിക്കേണമേ. ദൈവമേ! ശരീരത്തിന്‍റെ ഉറക്കം എന്നില്‍ നിന്ന് നീക്കി ഉണര്‍വ്വോടെ നിന്‍റെ വിശുദ്ധ നാമത്തെ ഓര്‍ത്ത് നിര്‍മലമായ നിന്‍റെ ന്യായങ്ങളെ കുറിച്ച് സ്തോത്രം ചെയ്‌വാന്‍ നിന്‍റെ കൃപ എനിക്കു നല്‍കേണമേ. മനുഷ്യരെ സ്നേഹിക്കുന്നവനേ! നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. പാപത്തിന്‍റെ ഉറക്കം ഉറങ്ങാതിരിപ്പാന്‍ എന്‍റെ ഹൃദയത്തിന്‍റെ കണ്ണുകള്‍ പ്രകാശിപ്പിച്ച് തിന്മപെട്ട ദര്‍ശനത്തില്‍ നിന്ന് എന്നെ തിരിക്കേണമേ. നിന്‍റെ കല്പനകള്‍ കാപ്പാനും രാവും പകലും നിന്‍റെ ന്യായപ്രമാണങ്ങള്‍ ഓര്‍ത്ത് ധ്യാനിപ്പാനും നിന്‍റെ ഇഷ്ടം പൂര്‍ണമാക്കുവാനും കര്‍ത്താവേ! എനിക്ക് കൃപ നല്‍കേണമേ. അന്ധകാരത്തിന്‍റെയും പാപത്തിന്‍റെയും ക്രിയകളില്‍ നിന്ന് എന്നെ രക്ഷിച്ച് സാത്താന്‍റെ അടിമയില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കേണമേ. നിന്‍റെ വിശുദ്ധന്മാരോടുകൂടെ എനിക്ക് ഓഹരി നല്‍കേണമേ. എന്നെ പകലിന്‍റെയും പ്രകാശത്തിന്‍റെയും പുത്രനാക്കിത്തീര്‍ക്കേണമേ. എന്നേക്കും നിന്നെ സ്തുതിക്കുവാനായിട്ട് എന്‍റെ ആത്മാവിനെ ഏറ്റം ശുദ്ധമാക്കി അലങ്കരിക്കേണമേ. നിന്‍റെ അനുഗ്രഹങ്ങളുടെ വാതിലില്‍ ഞങ്ങള്‍ മുട്ടുന്നു. പ്രബലമായ പ്രകാശത്തില്‍ വസിക്കുന്നവനും മാലാഖമാരുടെ ആയിരങ്ങളുടെ ആയിരവും പതിനായിരങ്ങളുടെ പതിനായിരവും തന്‍റെ സ്തുതിയുടെ പ്രകാശത്തിനു നേരെ സൂക്ഷിപ്പാന്‍ കഴിയുന്നവനുമായ കര്‍ത്താവേ! എന്‍റെ അപേക്ഷയ്ക്ക് നിന്‍റെ വാതില്‍ തുറന്നു തരേണമേ. നിന്‍റെ മഹത്വമുള്ള സന്നിധിയില്‍ എന്‍റെ അതിക്രമങ്ങള്‍ മായിക്കപെടെണമേ. എന്‍റെ അപേക്ഷ കൈകൊള്ളേണമേ. ദരിദ്രന്മാരെ ഐശ്വര്യമുള്ളവനാക്കുന്ന അനുഗ്രഹങ്ങളുടെയും കരുണയുടെയും സമുദ്രമായ ഈശോമിശിഹായായ എന്‍റെ കര്‍ത്താവേ! നിന്‍റെ കൃപ എനിക്ക് ദാരാളമായി തരേണമേ. നിന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ മായിക്കപെടെണമേ. കര്‍ത്താവേ! എന്‍റെ നമസ്കാരം കേട്ട് എന്‍റെ അപേക്ഷ കൈകൊള്ളേണമേ. കര്‍ത്താവേ! എന്‍റെ അന്ധത നീക്കി കാഴ്ച നല്‍കേണമേ. ഞങ്ങളുടെ കര്‍ത്താവും ദൈവവുമായ മിശിഹായുടെ വ്യാപാരത്തിന്‍റെ വിസ്മയപ്പെട്ട അറിവില്‍ ആനന്ദിപ്പാന്‍ എന്നെ യോഗ്യനാക്കേണമേ. നല്ലവനും അനുഗ്രഹിക്കുന്നവനും സകലവും പൂര്‍ണമാക്കുന്നവനും ശുദ്ധമാക്കുന്നവനുമായ പിതാവായ ദൈവമേ! നിനക്കും നിന്‍റെ ഏക പുത്രനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും ഇടവിടാതെ സ്തുതി കരേറ്റുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. അമ്മീന്‍.
അപേക്ഷ
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ! നിനക്കു സ്തുതി, ഞങ്ങളുടെ രാജാവായ ദൈവമേ! നിനക്കു സ്തുതി. നിനക്കും നന്മ നിറഞ്ഞിരിക്കുന്ന നിന്‍റെ പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും സ്തുതി. കര്‍ത്താവും ദൈവവുമായ മിശിഹാ! നിന്‍റെ ഇഷ്ടത്താല്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. മനുഷ്യരെ സ്നേഹിക്കുന്നവനേ! തന്‍റെ മനോഗുണത്താല്‍ തിന്മപെട്ട ദര്‍ശനങ്ങളും പ്രയോചനമില്ലാത്ത വിചാരങ്ങളും എന്നില്‍ നിന്നു നീക്കികളയേണമേ. എന്‍റെ ആത്മാവേ! നിന്‍റെ ഉറക്കത്തില്‍ നിന്ന് നീ എഴുന്നേറ്റ് സ്തുതിക്കുന്ന കൂട്ടങ്ങളോടുകൂടെ ഒരുങ്ങുക. ഞങ്ങളുടെ വര്‍ഗത്തിന്‍റെ ഉടയവനും തിന്മകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുന്നവനും തന്‍റെ മരണത്താല്‍ മരണത്തിന്‍റെ അധികാരം നശിപ്പിച്ചവനുമായ കര്‍ത്താവേ! ഉറക്കത്തിന്‍റെയും പാപത്തിന്‍റെയും ഭാരം ഞങ്ങളില്‍ നിന്ന് നീക്കി കളയേണമേ. എന്‍റെ ആത്മാവേ! കര്‍ത്താവിനെ സ്തുതിച്ച ഉന്നതമായ ശബ്ദത്തില്‍ അട്ടഹസിച്ച് "കര്‍ത്താവേ! എന്നെ അനുഗ്രഹിക്കേണമേ" എന്നു ചൊല്ലുക. ദുഖങ്ങളില്‍ നീ കണ്ണീരോടെ നിലവിളിച്ചു. നിന്‍റെ ഉദാസീനതയില്‍ നിന്ന് ഉണര്‍ന്ന് മടികൂടാതെ എഴുന്നേല്‍ക്കുക. തിന്മപെട്ട നിന്‍റെ ക്രിയകളും സംഖ്യയില്ലാത്ത അതിക്രമങ്ങളും ഓര്‍ക്കുക. ആത്മാവേ! നിന്‍റെ മരണ ദിവസത്തെ ഓര്‍ക്കുക. ഭയവും ദൈവത്തിന്‍റെ എതിര്‍പ്പും ഓര്‍ക്കുക. എന്‍റെ ആത്മാവേ! കെടാത്ത അഗ്നിയും ചാകാത്ത പുഴുവും ഓര്‍ക്കുക. എന്‍റെ ആത്മാവേ! മരണ ദിവസം വരികയും അനുതാപത്തോടെ മണവാളന്‍ മണിയറയിലേക്ക് പ്രവേശിച്ചു വാതില്‍ അടയ്ക്കുകയും ചെയ്യും മുമ്പേ അനുഗ്രഹങ്ങള്‍ ഇരക്കുക. ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ! നിന്നെ ഞാന്‍ വന്ദിച്ച്, നിന്‍റെ മനുഷ്യസ്നേഹം നിമിത്തം നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. നിന്‍റെ കൃപയ്ക്കു തക്കവണ്ണം എന്നെ അനുഗ്രഹിച്ച് എന്‍റെ പാപങ്ങള്‍ ഒക്കെയും ക്ഷമിച്ച് മരിക്കുന്നതിനുമുമ്പ് സത്യ അനുതാപം എനിക്ക് തരേണമേ. തിരുമുഖം എന്നില്‍ നിന്ന് തിരിച്ചു കളയരുതേ. എന്‍റെ പാപങ്ങളുടെ പെരുപ്പംകൊണ്ട് എന്നെ വിട്ടു മാറരുതേ. എന്‍റെ അപേക്ഷ നിരസിക്കയുമരുതേ. പിന്നെയോ, നിന്‍റെ അനുഗ്രഹം നിമിത്തം എന്നോട് നീ ഉത്തരമരുളണമേ. ചോദിപ്പിന്‍, നിങ്ങള്‍ക്കു കിട്ടുമെന്നും, അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തുമെന്നും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറക്കപെടുമെന്നും അരുളിച്ചെയ്തിരിക്കുന്ന കര്‍ത്താവേ! ഇതാ വരുന്നു. നിന്‍റെ അനുഗ്രഹങ്ങളുടെ വാതിലില്‍ മുട്ടുന്നു. നിന്‍റെ മനോഗുണത്തിന്‍റെ വാതില്‍ എനിക്കു തുറന്നു തരേണമേ. എന്‍റെ കര്‍ത്താവേ! മഹാപാപിയായ നിന്‍റെ ദാസന്മേല്‍ നിന്‍റെ തിരുമുഖം പ്രകാശിപ്പിച്ച് നിന്‍റെ കൃപയാല്‍ എന്നെ രക്ഷിക്കേണമേ. എന്‍റെ വിചാരങ്ങള്‍ കൈക്കൊണ്ട് നിന്നെകുറിച്ചുള്ള ഭയം എന്‍റെ ഹൃദയത്തില്‍ സ്ഥിരപ്പെടുത്തെണമേ. നിനക്ക് ഇഷ്ടമില്ലാത്ത സകല ഇളക്കത്തെയും എന്‍റെ ആത്മാവില്‍ നിന്ന് വേരോടെ പറിച്ചുകളയേണമേ. എന്‍റെ കര്‍ത്താവേ! ദുര്‍മോഹങ്ങളാല്‍ നശിച്ചുപോയിരിക്കുന്ന എന്‍റെ ആത്മാവിനെ നീ ജീവിപ്പിക്കേണമേ. രഹസ്യവും പരസ്യവുമായ പാപത്തിന്‍റെ മ്ലേച്ചതകളില്‍ നിന്നും കരകളില്‍ നിന്നും എന്നെ വെടിപ്പാക്കേണമേ. ഒടുവിലത്തെ ശ്വാസം വരെയും എല്ലാ സമയത്തും ആശ്വസിപ്പിക്കുന്നവനായ രൂഹാദകുദിശായുടെ കൃപ എന്നില്‍ പുതുക്കേണമേ. അമ്മീന്‍.
അപേക്ഷ
ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്ത് ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! ഉത്തരമരുളിചെയ്ത് ഞങ്ങളുടെ മേല്‍ അനുഗ്രഹം ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ശുശ്രൂഷകളെ കൈകൊള്ളേണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ രോഗത്തെ സൌഖ്യമാക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ മുടിവിനെ അന്വേഷിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ മരണത്തെ നീ അനുകൂലമാക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ആവലാതിയെ നീ ഇല്ലായ്മ ചെയ്യേണമേ. കര്‍ത്താവേ! ഞങ്ങളുടെ അടിമത്തത്തെ സ്വതന്ത്രമാക്കേണമേ, കര്‍ത്താവേ! ഞങ്ങളുടെ കുറ്റങ്ങളെ പൊറുക്കേണമേ. കര്‍ത്താവേ! ഞങ്ങളുടെ ബലഹീനതയില്‍ സഹായിക്കേണമേ. കര്‍ത്താവേ! ഞങ്ങളുടെ ശക്തിഹീനതയെ ശക്തിപ്പെടുത്തേണമേ. കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ഥനയെ ചെവിക്കൊള്ളേണമേ. കര്‍ത്താവേ! ഞങ്ങളുടെ വിലാപത്തെ ആശ്വസിപ്പിക്കേണമേ. കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കേണമേ. കര്‍ത്താവേ! ഞങ്ങളുടെ വിചാരങ്ങളെ നീ പ്രകാശിപ്പിക്കേണമേ. കര്‍ത്താവേ! ഞങ്ങളുടെ ആയുസ്സിനെ നീ ഭരിച്ചുകൊള്ളേണമേ. കര്‍ത്താവേ! ഞങ്ങളുടെ അരിഷ്ടതയെ സഹായിക്കുന്ന നിന്‍റെ മനോഗുണം ഞങ്ങള്‍ക്കു നീ നല്‍കേണമേ. നിന്നെ പ്രസവിച്ച അമ്മയുടെയും നിന്‍റെ മാലാഖമാരുടെയും നിന്‍റെ പരിശുദ്ധന്മാരൊക്കെയുടെയും പ്രാര്‍ത്ഥനയാല്‍ തന്നെ, അമ്മീന്‍.
പ്രഭാത നമസ്കാരം
ഉറക്കമില്ലാത്ത ഉണര്‍വുള്ളവനായ എന്‍റെ കര്‍ത്താവേ! നിന്‍റെ ഉണര്‍ച്ചയെ സ്തോത്രം ചെയ്യാനായിട്ട് പാപത്തിന്‍റെ മുഴുകലില്‍ നിന്ന് ഞങ്ങളുടെ ഉറക്കത്തെ നീ ഉണര്‍ത്തേണമേ. മരണമില്ലാത്ത ജീവനുള്ളവനേ! നിന്‍റെ മനോഗുണത്തെ ഞങ്ങള്‍ വന്ദിപ്പാനായിട്ട് മരണത്തിന്‍റെയും ക്ഷയത്തിന്‍റെയും ഉറക്കത്തില്‍ നിന്ന് ഞങ്ങളുടെ മരണത്തെ നീ ജീവിപ്പിക്കേണമേ. പിതാവും പുത്രനും ശുദ്ധമുള്ള റുഹായുമേ! സ്വര്‍ഗത്തിലും ഭൂമിയിലും സ്തുതിക്കപ്പെട്ടവനും വാഴ്ത്തപെട്ടവനും നീ തന്നെയാകുന്നു എന്നതുകൊണ്ട് നിന്നെ സ്തുതിക്കുന്ന സ്വര്‍ഗീയമാലാഖമാരുടെ മഹത്വമുള്ള കൂട്ടങ്ങളോടൊന്നിച്ച് നിന്നെ സ്തുതിച്ചു വാഴ്ത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. അമ്മീന്‍.
അപേക്ഷ
കര്‍ത്താവേ! നിന്നെ അനുകൂലമാക്കുന്നവരുടെ നമസ്കാരത്താല്‍ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. രൂഹയാലെ നിന്നെ കുറിച്ചു പറഞ്ഞു എന്ന നിബിയന്മാരും നിന്നെ പ്രസിദ്ധമാക്കി അറിയിച്ചു എന്ന ശ്ലീഹന്മാരും നിന്‍റെ ഉപവിയെകുറിച്ച് മരിച്ചു എന്ന സഹദേന്‍മാരും ഞങ്ങള്‍ക്കുവേണ്ടി നിന്നോടപേക്ഷിക്കും. ശുദ്ധമാക്കപ്പെട്ടവരെ! തന്‍റെ ഇഷ്ടം നിങ്ങള്‍ ചെയ്തു എന്ന്‍ കര്‍ത്താവിനോടു ഞങ്ങളില്‍ നിന്നു ശിക്ഷകളും അരിശത്തിന്‍റെ വടികളും മായിച്ചു കലവാനായിട്ട് ഞങ്ങളോടു കൂടെ നിങ്ങളും പ്രാര്‍ഥിപ്പിന്‍. കര്‍ത്താവേ! അവരുടെ നമസ്കാരങ്ങളും അപേക്ഷകളും നിമിത്തം ഞങ്ങളുടെ ആത്മാക്കള്‍ മേല്‍ അനുഗ്രഹം ചെയ്യണമേ. അമ്മീന്‍.
അപേക്ഷ
പാപികളോടു കരുണ ചെയ്യുന്നവാനായ കര്‍ത്താവേ! നീ ന്യായം വിസ്തരിക്കുന്ന ദിവസത്തില്‍ ഞങ്ങളോടു കരുണ ചെയ്യണമേ. നിന്‍റെ കൃപയുടെ പെരുപ്പത്താലെ ഞങ്ങളുടെ കടങ്ങളെ നീ ക്ഷമിക്കേണമെ.
മനോഗുണക്കാരാ! ഞെരുങ്ങപ്പെട്ടവരായി നിന്‍റെ വാതില്‍ മുട്ടിവിളിക്കുന്നവരുടെ യാചനകളെ നല്‍കണമെ. സ്വര്‍ഗസ്ഥനായ പിതാവേ! നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ടു ഞങ്ങളുടെ മേല്‍ നീ അനുഗ്രഹം ചെയ്യണമേ. മേലുള്ളവരുടെ ഉടയവനും താഴെയുള്ളവരുടെ ശരണവുമേ! ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ടു ഞങ്ങളുടെ മേല്‍ നീ അനുഗ്രഹം ചെയ്യണമേ.
ഹാലേലുയ്യാ ഉ ഹാലേലുയ്യാ ഉ ഹാലേലുയ്യാ ശുബഹോ ലോക് ആലോഹോ! ദൈവമേ! നിനക്കു സ്തുതി.
ഹാലേലുയ്യാ ഉ ഹാലേലുയ്യാ ഉ ഹാലേലുയ്യാ ശുബഹോ ലോക് ആലോഹോ! ദൈവമേ! നിനക്കു സ്തുതി.
ഹാലേലുയ്യാ ഉ ഹാലേലുയ്യാ ഉ ഹാലേലുയ്യാ ശുബഹോ ലോക് ആലോഹോ! ദൈവമേ! നിനക്കു സ്തുതി.
മനോഗുണമുള്ള എന്‍റെ ദൈവമേ! നിന്‍റെ അനുഗ്രഹങ്ങളാല്‍ ഞങ്ങളോടു മനോഗുണം ചെയ്യണമേ. ദൈവത്തിന്‍റെ മക്കള്‍ നാം ആകുവാനായിട്ട് അവര്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മെ പഠിപ്പിച്ചവരായ നമ്മുടെ പിതാക്കന്മാരെ നമസ്കാരങ്ങളിലും കുര്‍ബാനകളിലും നാം ഓര്‍ക്കണം. ദൈവപുത്രന്‍ ആകാശമോക്ഷത്തില്‍ നീതിമാന്മാരോടും പുണ്യവാന്‍മാരോടുംകൂടെ അവരെ അനുകൂലമാക്കും. കര്‍ത്താവേ! ഞങ്ങളുടെമേല്‍ നീ അനുഗ്രഹിച്ച് ഞങ്ങളെ നീ തുണയ്ക്കേണമേ. അമ്മീന്‍.
മുന്മത്വത്തിനു സ്തുതി, മുന്മത്വത്തിനു സ്തുതി, മുന്മത്വത്തിനു സ്തുതി. സ്തുതിക്കപ്പെട്ടതും കാതലായതും ആദ്യന്തമില്ലാത്തതുമായ മുന്മത്വത്തെ ഞങ്ങള്‍ സ്തുതിക്കുന്നു. തമ്പുരാനേ! എല്ലാ നേരത്തിലും സ്തുതി നിനക്ക് യോഗ്യമാകുന്നു.
മാലാഖമാരുടെ സ്തുതിപ്പ്
മേലുള്ള ഉയരങ്ങളില്‍ സ്വര്‍ഗീയ മാലാഖമാര്‍ സ്തുതിക്കുന്നതുപോലെ ബാലഹീനന്മാരും പാപികളുമായ ഞങ്ങളും സ്തുതിക്കുന്നു.
കാലമൊക്കെയിലും നേരമൊക്കെയിലും ഉയരങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സമാധാനവും നിരപ്പും മനുഷ്യമക്കള്‍ക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ.
ഞങ്ങള്‍ നിന്നെ സ്തുതിക്കുകയും വാഴ്ത്തുകയും വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം നിനക്കു ഞങ്ങള്‍ കരേറ്റുന്നു.
സര്‍വശക്തിയുള്ള പിതാവും സ്വര്‍ഗാധിപതിയും സൃഷ്ടാവുമായിരിക്കുന്ന ദൈവമായ കര്‍ത്താവേ! നിന്നെയും യേശുമിശിഹായായ എകപുത്രനായിരിക്കുന്ന ദൈവമായ കര്‍ത്താവേ, വിശുദ്ധ റൂഹായോടു കൂടെ നിന്നെയും ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
പിതാവിന്‍റെ പുത്രനും വചനവും ലോകത്തിന്‍റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്‍റെ കുഞ്ഞാടായ കര്‍ത്താവേ! ഞങ്ങളോടു കരുണ ചെയ്യണമേ.
ലോകത്തിന്‍റെ പാപത്തെ നീക്കികളയുന്നവനേ! നിന്‍റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളേണമേ.
തന്‍റെ പിതാവിന്‍റെ വലത്തുഭാഗത്തു മഹത്വത്തോടെ ഇരുക്കുന്നവനേ! ദയതോന്നി ഞങ്ങളോടു കരുണ ചെയ്യണമേ.
എന്തെന്നാല്‍ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനു വിശുദ്ധ റൂഹായോടുകൂടെ യേശുമിശിഹായായ നീ മാത്രം കര്‍ത്താവുമാകുന്നു. ആമീന്‍.
കാലമൊക്കെയിലും നേരമൊക്കെയിലും ഞങ്ങള്‍ ജീവനോടെയിരിക്കുന്ന ദിവസങ്ങളൊക്കെയിലും എന്നേക്കും വാഴ്ത്തപ്പെട്ടതും നിത്യത്വമുള്ളതുമായ ശുദ്ധമുള്ള നിന്‍റെ തിരുനാമത്തെ ഞങ്ങള്‍ വാഴ്ത്തി സ്തുതിക്കും.
ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വശക്തനായ കര്‍ത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്‍റെ തിരുനാമം സ്തുതിക്കപ്പെട്ടതും എന്നേയ്ക്കും സ്തുതികളാല്‍ പ്രബലപ്പെട്ടതുമാകുന്നു.
സ്തുതി നിനക്കു യോഗ്യമാകുന്നു. മഹത്വം നിനക്കു യുക്തമാകുന്നു. സകലത്തിന്റെയും ദൈവവും സത്യത്തിന്‍റെ പിതാവുമായവനേ നിനക്കും, ഏകാപുത്രനും, ജീവനും ശുദ്ധമുള്ള റൂഹായ്ക്കും പുകഴ്ച ചേര്‍ച്ചയാകുന്നു. അത് ഇപ്പോഴും എല്ലാ നേരത്തിലും എന്നേക്കും തന്നെ. അമ്മീന്‍.
ദൈവമേ, നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യണമേ. നിന്‍റെ കരുണയുടെ ബഹുത്വം പോലെ എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമേ.
എന്‍റെ അന്യായത്തില്‍ നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെയിരിക്കുന്നു.
നിനക്കു വിരോധമായിതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ദരിക്കുകയും ചെയ്തു.
എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പകൊണ്ട് എന്‍റെ മേല്‍ തളിക്കേണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാലെ എന്നെ നീ വെണ്മയാക്കേണമേ. ഉറച്ച മഞ്ഞിനേക്കാള്‍ ഞാന്‍ വെണ്മയാകും.
നിന്‍റെ സന്തോഷവും ആനന്തവുംകൊണ്ട് എന്നെ ത്രിപ്തിയാക്കേണമേ. ക്ഷീണതയുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍ നിന്ന് നിന്‍റെ തിരുമുഖത്തെ തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കേണമേ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതിയതാക്കേണമേ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളികളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുക്കുകയും അരുതേ.
എന്നാലോ നിന്‍റെ രക്ഷയും ആനന്ദവും എനിക്കു തിരിച്ചു തരേണമേ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമേ. അപ്പോള്‍ ഞാന്‍ അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും ചെയ്യും. എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തപ്പകയില്‍ നിന്ന് എന്നെ രക്ഷിക്കേണമേ. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമേ. എന്‍റെ വായ് നിന്‍റെ സ്തുതികളെ പാടും.
എന്തെന്നാല്‍ ബാലികളില്‍ നീ ഇഷ്ടപെടുന്നില്ല. ഹോമബലികളില്‍ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നുമില്ല.
നിന്‍റെ ഇഷ്ടത്താല്‍ സെഹ്യോനോട് നന്മ ചെയ്യണമേ. ഊര്‍ശ്ലേമിന്റെ മതിലുകളെ പണിയേണമേ. അപ്പോള്‍ നീതിബലികളിലും ഹോമാബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ അവര്‍ കാഴ്ചകളെ കരേറ്റും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.
കര്‍ത്താവിനെ കൊണ്ടാടുവാനും ഉയരപ്പെട്ട തന്‍റെ തിരുനാമത്തെ പാടുവാനും പ്രഭാതത്തില്‍ തന്‍റെ കൃപയും രാത്രിയില്‍ തന്‍റെ വിശ്വാസവും അറിയിക്കുന്നതും നല്ലതാകുന്നു. കര്‍ത്താവേ! പ്രഭാതത്തില്‍ എന്‍റെ സ്വരം നീ കേള്‍ക്കേണമേ, പ്രഭാതത്തില്‍ ഞാന്‍ ഒരുങ്ങി നിനക്കു കാണപ്പെടും. കര്‍ത്താവേ! നിനക്കുള്ള ലോകരോടു കരുണ ചെയ്യണമേ. കര്‍ത്താവേ! ഞങ്ങള്‍ എല്ലാവരുടെയും ദോഷങ്ങളെ പൊറുത്ത് പുണ്യമാക്കേണമേ. ശുദ്ധമുള്ളവനേ! നിന്‍റെ തിരുനാമം ഞങ്ങളുടെ പാപരോഗങ്ങളെ സൌഖ്യമാക്കേണമേ.
ദൈവമേ! നീ എനിക്കു ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ ഒക്കെയ്ക്കും വേണ്ടി നിന്നെ ഞാന്‍ കൊണ്ടാടുന്നു. ഞാന്‍ യോഗ്യനല്ല എങ്കിലും നിന്നിലുള്ള ഭയവും സ്നേഹവും എനിക്കു നീ തരുവാന്‍ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. എന്‍റെ ജീവസ്സുകളെ തുണയ്ക്കുന്നതും നിന്‍റെ ദൈവത്ത്വത്തിനു അഴകാകുന്നതുമായ സകലത്തെയും എനിക്കു നീ തരേണമേ. നിന്‍റെ നല്ല തിരുമനസ്സുപോലെ എന്നെ നീ ഭരിച്ചുകൊള്ളേണമേ. എല്ലാ നേരവും എന്നില്‍ അതു പൂര്‍ണമാക്കപ്പെടെണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ നിന്‍റെ തിരുമുമ്പില്‍ എല്ലാ മനുഷ്യരെക്കാള്‍ ഏറ്റം പാപം ചെയ്തു എന്നാ മഹാപാപി ഞാനാകുന്നു എന്നു ഞാന്‍ കൊണ്ടാടുന്നു. എന്‍റെ പാപങ്ങളുടെ പൊറുതി നിന്നില്‍ നിന്നു ഞാന്‍ അപേക്ഷിക്കുന്നു. ദൈവമേ! നീ അനുഗ്രഹിക്കുന്നവനാകുന്നു. ഞാന്‍ നിന്നോട് അതിക്രമം കാണിച്ചതൊക്കെയും എന്നോടു നീ പൊറുത്തുകൊള്ളേണമേ. ഞാന്‍ ജനിച്ചതുമുതല്‍ ഇതുവരെയും എല്ലാ മനുഷ്യര്‍ക്കും വിരോധിയായിരിക്കുന്നു. എന്നോടു അറ്റകുറ്റം കാണിച്ചിരിക്കുന്ന എല്ലാവരോടും നീ ക്ഷമിച്ചുകൊള്ളേണമേ. എന്തെന്നാല്‍ അനുഗ്രഹിക്കുന്നവനും അനുഗ്രഹങ്ങളുടെ സമുദ്രവും നീ ആകുന്നു. നിന്‍റെ അനുഗ്രഹങ്ങളുടെ സമുദ്രത്തില്‍ ചെളിയുടെ തുള്ളി പോലെ ഞങ്ങളുടെ പാപം കണക്കിടപ്പെട്ടതായിരിക്കേണമേ. മഹാ വലിയ സമുദ്രത്തെ കലക്കുവാന്‍ ചെളിയുടെ തുള്ളിയില്‍ കഴിയുന്നതല്ലല്ലോ. ആയതുകൊണ്ട് ദൈവമേ നിന്‍റെ കൃപ പോലെ എന്‍റെ മേല്‍ നീ അനുഗ്രഹിക്കേണമേ. നിന്‍റെ അനുഗ്രഹങ്ങളുടെ ബഹുത്വംപോലെ എന്‍റെ പാപങ്ങളെ മായിക്കേണമേ. എന്‍റെ ആശുദ്ധങ്ങളില്‍ നിന്നു എന്നെ കഴുകി എന്‍റെ പാപങ്ങളില്‍ നിന്നും എന്നെ വെടിപ്പാക്കേണമേ. എന്തുകൊണ്ടെന്നാല്‍ എന്‍റെ അതിക്രമങ്ങളെ ഞാന്‍ അറിഞ്ഞിരിക്കുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എനിക്കു വിരോധമായി നേരിട്ടിരിക്കുന്നു. മോറാനീശോമിശിഹാ എനിക്കും എന്നോടു തുല്യരായ ദുഷ്ടന്മാര്‍ക്കും പാപികള്‍ക്കും ഒരിക്കിയിരിക്കുന്നതായ കെടാത്ത തീയോടും ചാകാത്ത പുഴുവോടും കൂടിയിരിക്കുന്ന നരകത്തിലെ അതിവേദനകളില്‍ നിന്ന് എന്നെ രക്ഷിച്ചുകൊള്ളേണമേ. ഞാന്‍ യോഗ്യനാകുന്നില്ല എങ്കിലും ചെവി കൊണ്ട് കേട്ടിട്ടില്ലാത്തതും കണ്ണുകൊണ്ട് കണ്ടിട്ടില്ലാത്തതുമായ നിന്‍റെ ഇഷ്ടന്മാരായ സ്നേഹിതന്മാര്‍ക്ക് പരലോകത്തില്‍ ഒരുക്കപ്പെട്ടിരിക്കുന്ന പരമാനന്ദത്തിന് എന്നെ നീ യോഗ്യനാക്കേണമേ. ദോഷങ്ങളുടെ ആയിരങ്ങളുടെ ആയിരവും പതിനായിരങ്ങളുടെ പതിനായിരങ്ങളും ക്ഷമിപ്പാന്‍ നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് എളുപ്പമുള്ളതാകയാലും ചുങ്കക്കാരെയും വേശ്യാസ്ത്രീകളെയും തല്‍ക്ഷണം നീതിയുള്ളവരാക്കിത്തീര്‍ത്തതിനാലും നിന്‍റെ കൃപയാല്‍ എന്‍റെ പാപങ്ങള്‍ പൊറുത്തുകൊള്ളേണമേ. അതുകൊണ്ട് നിന്‍റെ പിതാവിന്‍റെ സ്നേഹത്താലെയും ശുദ്ധമുള്ള റൂഹായുടെ ഇഷ്ടത്താലെയും നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. നിന്‍റെ മാലാഖമാരുടെയും നിന്‍റെ ശുദ്ധമുല്ലവരോക്കെയുടെയും അപേക്ഷയാല്‍ ഏറിയ എന്‍റെ പാപങ്ങളെയും കഠിനമുള്ള എന്‍റെ കുറ്റങ്ങളെയും എന്നോടു നീ പൊറുത്തുകൊള്ളേണമേ. നീ അനുഗ്രഹിക്കുന്നവനും അധികം അനുഗ്രഹം ഉള്ളവനും ഞങ്ങളെ കാത്തുരക്ഷിക്കുന്നവനും ആകയാല്‍ സൃഷ്ടിക്കുന്നവനായ ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ നിനക്കും ഞങ്ങളുടെ രക്ഷയ്ക്കായി നിന്നെ അയച്ച പിതാവിനും ശുദ്ധമുള്ള നിന്‍റെ രൂഹായ്ക്കും സ്തുതിയും വന്ദനവും ഇപ്പോഴും എന്നുമെന്നെക്കും യോഗ്യമാകുന്നു. അമ്മീന്‍.
അപേക്ഷ
തന്‍റെ വര്‍ഗത്താല്‍ മരണമില്ലത്തവനാകുന്നു എന്നു സ്വര്‍ഗസ്ഥപിതാവിന്‍റെ പുത്രനും വചനവും രാജാവും ആയ എന്‍റെ കര്‍ത്താവേ! നിന്നെ പ്രസവിച്ച അമ്മയുടെയും നിന്‍റെ ശുദ്ധമുള്ളവരോക്കെയുടെയും നമസ്കാരത്താല്‍ നിന്നെ ഞാന്‍ പുകഴ്ത്തും. മനുഷ്യമക്കള്‍ ഒക്കെയുടെയും ജീവനും രക്ഷയ്ക്കും വേണ്ടി തന്‍റെ കൃപയാല്‍ ശുദ്ധമാക്കപ്പെട്ടവളും സ്തുതിക്കപ്പെട്ടവളുമായ തമ്പുരാനേ പ്രസവിച്ച വിശുദ്ധ കന്യാസ്ത്രീമറിയത്തില്‍ നിന്നു ശരീരമെടുത്തു പകര്‍ച്ച കൂടാതെ മനുഷ്യപുത്രനായി ഞങ്ങള്‍ക്കു വേണ്ടി കുരിശില്‍ തൂങ്ങി തന്‍റെ മരണത്താല്‍ ഞങ്ങളുടെ മരണത്തെ ചവിട്ടികൊന്നവനായ ശുദ്ധമുള്ള മുന്മത്വത്തില്‍ ഒരുവനും തന്‍റെ പിതാവിനോടും ശുദ്ധമുള്ള റൂഹായോടും കൂടെ ഒന്നുപോലെ വന്ദിക്കപ്പെട്ട് സ്തുതിക്കപെടുന്നവനുമായ ഞങ്ങള്‍ക്കുള്ള മിശിഹാ തമ്പുരാനേ! ഞങ്ങളൊക്കെയുടെയും മേല്‍ നീ അനുഗ്രഹിക്കേണമേ.
കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! കൃപ ചെയ്തു ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! ഉത്തരമരുളിചെയ്തു ഞങ്ങളുടെമേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നിനക്കു സ്തുതി. ഞങ്ങളുടെ കര്‍ത്താവേ! നിനക്കു സ്തുതി. എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറെക്മോര്‍.
അപേക്ഷ
നല്ലവനായ ബാവാ തമ്പുരാനേ! ഞാന്‍ യോഗ്യനായിട്ടില്ല എങ്കിലും നിന്നിലുള്ള ഭയവും സ്നേഹവും എനിക്കു നീ തരേണമേ. ദൈവമേ! എന്‍റെ ജീവനെ സഹായിക്കുന്നതും നിന്‍റെ മനുഷ്യത്വത്തിന് ഇഷ്ടമുള്ളതുമായ സകലത്തെയും എനിക്കു നീ തരേണമേ. എന്‍റെ കര്‍ത്താവേ! നീ തിരുമാനസ്സാകുന്നു എങ്കില്‍ എന്നെ വെടിപ്പാക്കുവാന്‍ നിനക്കു കഴിയും. ദൈവമേ! മഹാപാപിയായ എന്നോടു കരുണയുണ്ടാകേണമേ. എന്‍റെ കര്‍ത്താവേ! ശുദ്ധമുള്ള നിന്‍റെ മാലാഖമാരോടുകൂടെ നിന്‍റെ പിതാവിന്‍റെ വലിയ സ്തുതിയാല്‍ നീ വരുമ്പോള്‍ മഹാപാപിയായ എന്നെ നീ ഓര്‍ക്കേണമേ. കര്‍ത്താവേ! എന്നെ സഹായിച്ച് എന്‍റെ മേല്‍ നീ അനുഗ്രഹിച്ചു എന്‍റെ വിശ്വാസക്കുറവില്‍ തുണ ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങള്‍ നശിച്ചുപോകാതിരിപ്പാന്‍ ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. ആകാശത്തിലും നിന്‍റെ തിരുമുമ്പിലും ഞാന്‍ പിഴച്ചു. നിന്‍റെ പുത്രനെന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല. നിന്‍റെ ഭവനത്തില്‍ കൂലിക്കാരനെപോലെ എങ്കിലും എന്നെ കൈക്കൊള്ളേണമേ. ഞാന്‍ പാപം ചെയ്തുപോയതുകൊണ്ട് അടിയാനെ പോലെ എങ്കിലും എന്നെ ആക്കിത്തീര്‍ക്കേണമേ. അമ്മീന്‍.
ഏഴരയുടെ നമസ്കാരം
കര്‍ത്താവേ! നിന്‍റെ കൃപ നിമിത്തം എന്നോടു കരുണ ചെയ്യേണമേ. എന്‍റെ കര്‍ത്താവേ! എന്നെ നീ പുണ്ണ്യമാക്കി നിന്‍റെ മനോഗുണത്താല്‍ എന്‍റെ കുറ്റങ്ങള്‍ നീ ക്ഷമിക്കേണമേ. എന്‍റെ കര്‍ത്താവേ! അനുഗ്രഹങ്ങള്‍ക്കും പാപമോചനത്തിനും എന്നെ യോഗ്യനാക്കേണമേ. എന്‍റെ കര്‍ത്താവേ! അശുദ്ധിയുള്ള നിരൂപണങ്ങളെയും നിന്ദ്യമായ വിചാരങ്ങളെയും എന്നില്‍ നിന്ന് നീക്കിക്കലയേണമേ. എന്‍റെ കര്‍ത്താവേ! സാത്താന്‍റെ ചതിവുകളില്‍ നിന്ന് എന്നെ രക്ഷിച്ചുകൊള്ളേണമേ. കര്‍ത്താവേ! നിനക്കുള്ളവന്‍ ഞാന്‍ ആകുവാനും നിന്‍റെ ഇഷ്ടത്തിനു ഞാന്‍ യോഗ്യനാകുവാനും എനിക്ക് കൃപ നല്‍കേണമേ. എന്‍റെ കര്‍ത്താവേ! ജീവന്‍റെ തുറമുഖത്ത് എന്നെ അടുപ്പിക്കേണമേ. കര്‍ത്താവേ! അനുതാപമുള്ള ഹൃദയം എനിക്കു നല്‍കേണമേ. കര്‍ത്താവേ! എളിമയും ക്ഷമയുമുള്ള വിചാരവും നിനക്കിഷ്ടമുള്ളവയോക്കെയും എനിക്ക് നീ നല്‍കേണമേ. കര്‍ത്താവേ! നിന്‍റെ അനുഗ്രഹങ്ങളുടെ ബഹുത്വം പോലെ എന്‍റെ ജീവന്‍റെ രക്ഷയ്ക്ക് നല്ലതായിട്ടുള്ളതൊക്കെയും എനിക്കു തരേണമേ. കര്‍ത്താവേ! അറിവും ജ്ഞാനവും ക്ഷമയും ഉള്ള വിചാരവും എനിക്കു നല്‍കേണമേ. കര്‍ത്താവേ! വൃഥാ ചിന്ത എന്നില്‍നിന്ന് നീക്കികളഞ്ഞ് നിന്നോടുള്ള ഭയവും ഭക്തിയും കരുണയും സ്നേഹവും സഹോദരപ്രീതിയും എന്നില്‍ പരിപൂര്‍ണമാക്കേണമേ! ദൈവമേ! പാപിയായ എന്നോടു കരുണയുണ്ടാകേണമേ. മിശിഹാ, മഹാപാപിയായ എന്നോട് കരുണയുണ്ടാകേണമേ. അമ്മീന്‍.
അപേക്ഷ
വലിയവനും ആദ്യന്തമില്ലാത്തവനും തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം കാത്തുറപ്പിക്കുന്നവനും യേശുമിശിഹായായ തന്‍റെ പുത്രനാല്‍ പാപത്തില്‍ നിന്നുള്ള രക്ഷയുണ്ടാക്കിയവനും സകലത്തിനും ജീവനും തന്നില്‍ സങ്കേതപ്പെടുന്നവരുടെ സഹായകാനും മൂന്നാം മണി നേരത്തില്‍ തീനാവിന്‍റെ സാദ്രിശ്യത്തില്‍ ശുദ്ധമുള്ള സ്ലീഹന്മാര്‍ക്ക് ചീന്തികൊടുത്ത ശുദ്ധമുള്ള റൂഹായാല്‍ ഞങ്ങളെ പ്രബലമാക്കിയവനുമായ കര്‍ത്താവേ! ഈ പരിശുദ്ധ ദാനത്തെ എല്ലാ നേരത്തും ഞങ്ങള്‍ക്ക് തന്ന് ഐശ്വര്യവാന്മാരാക്കേണമേ. രഹസ്യവും പരസ്യവുമായ പാപങ്ങളില്‍ നിന്നും നിനക്കിഷ്ടമില്ലാത്ത സകല വിചാരങ്ങളില്‍ നിന്നും ഞങ്ങളെ ശുദ്ധന്മാരാക്കേണമേ. ഞങ്ങളുടെ മേലുള്ള നിന്‍റെ സകല കൃപകള്‍ക്കുംവേണ്ടി നിനക്ക് ഞങ്ങള്‍ സ്തോത്രം ചെയ്‌വാനും വെടിപ്പുള്ള ഹൃദയത്തോടും ചേര്‍ച്ചയുള്ള ആത്മാവോടും നിന്‍റെ തിരുമുമ്പില്‍ നില്പാനും ഞങ്ങളെ യോഗ്യന്മാരാക്കേണമേ. ആമ്മീന്‍.
ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാ! രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ മാളികയില്‍ ശുദ്ധമുള്ള സ്ലീഹന്മാര്‍ക്ക് നീ നല്‍കിയ റൂഹാക്കുദിശായേ ഞങ്ങള്‍ക്കും നല്‍കേണമേ. നേരമോക്കെയിലും ഞങ്ങളുടെ കൂടെ പാര്‍പ്പാനും അതിന്‍റെ ക്രിയകളില്‍ നിന്ന് ഞങ്ങള്‍ മുടങ്ങാതിരിപ്പാനും സകലത്തിലും അധികാരമുള്ള പുത്ര സ്വീകാര്യത്തിന്‍റെ റൂഹായേയും അറിവിന്‍റെയും ശക്തിയുടെയും റൂഹായേയും ഞങ്ങള്‍ക്കു നല്‍കേണമേ. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ രാജാവും സത്യ അരൂപികളെ ആശ്വസിപ്പിക്കുന്നവനും സര്‍വവ്യാപിയും സകലത്തെയും പൂര്‍ണമാക്കുന്നവനും കൃപകളുടെ ശ്രീഭണ്ടാരവും ജീവസ്സുകളെ നല്‍കുന്നവനുമായ റൂഹാക്കുദിശാ തമ്പുരാനേ! ഞങ്ങളുടെ മേല്‍ നീ തിരിഞ്ഞു ഞങ്ങളില്‍ പാര്‍ക്കേണമേ. ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാ! നിന്‍റെ ശിഷ്യന്മാരുടെ പക്കല്‍ നീ പ്രവേശിച്ച് സമാധാനം അവര്‍ക്ക് കൊടുത്ത പ്രകാരം ഞങ്ങളുടെ ആത്മാക്കളെ രക്ഷിച്ച് അപ്രകാരം തന്നെ നിന്‍റെ ദാസന്മാരോടുകൂടെ ഇരുന്നു ഞങ്ങളുടെ ആത്മാക്കള്‍ക്ക് രക്ഷ നല്‍കേണമേ. ആമ്മീന്‍.
ഉച്ചയുടെ നമസ്കാരം
സര്‍വശക്ത്തിയും മഹാകരുണയുമുള്ള കര്‍ത്താവേ! ആത്മാക്കള്‍ക്ക് സ്ഥിരപ്പെട്ട മഹാവൈദ്യന്‍ നീ മാത്രമേയുള്ളൂ. നിന്നെ തിരിച്ചറിഞ്ഞ് നിന്നില്‍ സങ്കേതപ്പെടുവാന്‍ എല്ലാവരും അന്വേഷിച്ചിരിക്കുന്നവനും നീ ആകയാല്‍ എന്‍റെമേല്‍ അനുഗ്രഹം ചെയ്യണമേ. ഞാന്‍ നിന്നെ വളരെ വെറുപ്പിച്ച് നിന്നോടു വളരെ വിരോധം ചെയ്തു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു. ഇതാ ഞാന്‍ പാപത്തില്‍ മരിച്ചിരിക്കുന്നു. സ്നേഹമില്ലാത്ത മനുഷ്യര്‍ തമ്മില്‍ തമ്മില്‍ സ്നേഹിച്ചിരിക്കണമെന്ന് നീ പഠിപ്പിക്കുന്നു. അതുകൊണ്ട് അനുഗ്രഹിക്കുന്നവനും കരുണ അധികമുള്ളവനും നീ ആകയാല്‍ എന്‍റെ മേല്‍ കരുണ ചെയ്യണമേ. നിനക്കു കഴിയാത്തത് ഒന്നുമില്ല. ഞാന്‍ പാതാളത്തില്‍ പൊടിപോലെ ചിതറപ്പെട്ടു പോകുമെങ്കിലും നീ അനുഗ്രഹങ്ങളുടെ ഉടയവനും സൃഷ്ടിയെക്കുറിച്ച് താത്പര്യമുള്ളവനും ആകയാല്‍ നശിച്ചു പോകുന്ന ശരീരങ്ങളെ ഉയര്‍പ്പുദിവസത്തില്‍ ഉയര്‍പ്പിപ്പാന്‍ നീ ഒരുങ്ങിയിരിക്കകൊണ്ട് എന്നോടു ഉത്തരമരുളി ചെയ്യണമേ. എന്‍റെ ഹൃദയവും എന്‍റെ മാംസവും പാപപ്പെട്ടിരിക്കുന്നു.ഞാന്‍ നശിച്ചവനായിതീര്‍ന്നിരിക്കുന്നു. എന്നാല്‍ തന്നെ ജയിപ്പാന്‍ കഴിയുന്നതുമല്ല. എനിക്ക് ശരണവിരോധം നിമിത്തം ഇരട്ടിപ്പായി തകര്‍ച്ച ഭവിച്ചിരിക്കുന്നു. അനുഗ്രഹിക്കുന്നവനായ കര്‍ത്താവേ! എന്നെ ജീവിപ്പിക്കേണമേ. എന്‍റെ കര്‍ത്താവേ! എനിക്ക് കിരീടം ലഭിപ്പനായിട്ട് ഒരു അങ്കിയുണ്ടായി എന്നു ഞാന്‍ അറിയുന്നു. ഞാന്‍ അതിനെ അന്വേഷിച്ചിട്ടില്ല.അത്രയുമല്ല ദുഷ്ടന്മാരോടുകൂടെ ദുര്‍മോഹങ്ങള്‍ നിമിത്തം അപമാനമേറ്റു എന്നേക്കും അതിവേദനപ്പെടുവാന്‍തക്ക കഠിനക്രിയകളെ ഞാന്‍ ചെയ്തിരിക്കുന്നു.
എന്‍റെ കര്‍ത്താവേ! ഞാന്‍ വലിയ ശിക്ഷാവിധിക്കു യോഗ്യതയുള്ളവനാകുന്നു. എന്നും എന്‍റെ അതിക്രമങ്ങള്‍ക്കുവേണ്ടി ഉത്തരം പറവാന്‍ യോഗ്യനാകുന്നില്ലെന്നും ഞാന്‍ അറിഞ്ഞിരിക്കുന്നു. ഭൂലോകത്തില്‍ ഉള്ളവരോക്കെയും എനിക്കുവേണ്ടി അപേക്ഷിച്ചാലും നിന്‍റെ കൃപ കൂടാതെ ജീവിപ്പാന്‍ കഴിയില്ലെന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നതിനാല്‍ നിന്‍റെ കൃപയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ! നിന്‍റെ അരിഷ്ടത്താല്‍ എന്നെ ശാസിക്കുകയും നിന്‍റെ കോപത്താല്‍ എന്നെ ശിക്ഷിക്കുകയും നീതിയുള്ള ന്യായവിസ്താരത്താല്‍ എന്നെ അതിവേദനപ്പെടുത്തുകയും അരുതേ. പൂര്‍ണ്ണമായ ദോഷപോറുതിയെ യാചിപ്പാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല. ആദ്യം എനിക്കുണ്ടായിരുന്ന മഹത്വത്തെ ഞാന്‍ കാത്തില്ല. ഇനിയും ഞാന്‍ എന്തു ചെയ്യേണ്ടു എന്നും എവിടേക്കു ഞാന്‍ ഓടിയൊളിക്കേണ്ടു എന്നും നിന്‍റെ തിരുമുമ്പില്‍ നിന്ന് എവിടേക്കു മറഞ്ഞു നില്‍ക്കേണ്ടു എന്നും അയ്യോ, എനിക്കുവേണ്ടി അപേക്ഷിപ്പാന്‍ ആരുള്ളു എന്നും ഞാന്‍ അറിയുന്നില്ല. എന്‍റെ മുഖത്ത് ലജ്ജ നിറഞ്ഞിരിക്കകൊണ്ട് ആകാശത്തിലേക്ക് സൂക്ഷിപ്പാന്‍ ഞാന്‍ ഭയപ്പെടുന്നു. നുറുങ്ങിയ ഹൃദയത്തോടും വിനയമുള്ള ആത്മാവോടും ചുങ്കക്കാരനെപ്പോലെ നിന്‍റെ തിരുമുമ്പില്‍ ഞാന്‍ നിലവിളിക്കുന്നു. നാനാദോഷക്കാരനായ പുത്രനെ കൈക്കൊണ്ടതുപോലെ എന്നെ കൈക്കൊള്ളേണമേ. നിന്നെ ഉപേക്ഷിച്ച ശിമയോനോട് നിരപ്പയാതുപോലെ എന്നോടു നിരപ്പാകേണമേ. എന്‍റെ കര്‍ത്താവേ! ശുദ്ധമുള്ള നിന്‍റെ ശരീരം എന്നെ തീറ്റി, ജീവനുള്ള നിന്‍റെ രക്തം എന്നെ കുടിപ്പിച്ച് ശുദ്ധമുള്ള നിന്‍റെ തിരുനാമം എന്‍റെ മേല്‍ വിളിക്കപ്പെട്ടുമിരിക്കുന്നു. അതുകൊണ്ട് അന്ധകാരത്തില്‍ എനിക്കു ഭവനം ആകുവാനും കടിനമുള്ള വേദനയില്‍ ദുഷ്ടന്മാരോടുകൂടെ വേദനപ്പെടുവാനും നീ വിധിച്ചു. എന്നെ ഉപേക്ഷിച്ചു കളയരുതേ. എന്‍റെ കര്‍ത്താവേ! സ്വര്‍ഗത്തില്‍ ഞാന്‍ യോഗ്യനാകുന്നില്ലെന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു. പാപിയുടെ മരണത്തില്‍ മനസില്ലാത്തവനും കനിവുള്ളവനും നീ ആകയാല്‍ സംഖ്യയില്ലാത്ത നിന്‍റെ കരുണ പോലെ എന്നോടു ദയ ചെയ്യേണമേ. കര്‍ത്താവേ! മഹാപാപിയായ എന്‍റെമേല്‍ ദയയോടെ കരുണ ചെയ്യേണമേ. എന്‍റെ കര്‍ത്താവേ! കനിവോടെ എന്നെ അനുഗ്രഹിക്കേണമേ. കര്‍ത്താവേ! നിന്‍റെ സന്നിധിയില്‍ ഞാന്‍ ചെയ്തിട്ടുള്ള ദുഷ്ടതയും കഠിനവും എന്നോടു ക്ഷമിക്കേണമേ! എന്‍റെ കര്‍ത്താവേ! ഞാന്‍ ചെയ്ത പാപം നിമിത്തം എന്‍റെ മുഖങ്ങളില്‍ അടച്ചിരിക്കുന്ന നിന്‍റെ അനുഗ്രഹത്തിന്‍റെ വാതില്‍ എനിക്കു തുറന്നു തരേണമേ. എന്‍റെ കര്‍ത്താവേ! നിന്‍റെ തിരുമുഖത്തെ പ്രകാശിപ്പിച്ചു എന്നെ രക്ഷിച്ചുകൊള്ളേണമേ. അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്ന മഹാപാപിയായ എനിക്ക് നിന്‍റെ പ്രകാശം നല്‍കേണമേ. തല്‍സമയത്ത് നിന്‍റെ അനുഗ്രഹം എന്‍റെ മുമ്പില്‍ നില്‍ക്കേണമേ. കര്‍ത്താവേ ഞാന്‍ ഒരു മഹാപാപിയും സകല ദുഷ്ടതകളിലും മുഴുകിയിരിക്കുന്നവനുമാകയാല്‍ കുറ്റക്കാരനും അരിശപ്പെടുത്തുന്നവനുമായ എന്നെ കൈക്കൊള്ളേണമേ. എന്‍റെ കര്‍ത്താവേ! നിന്നെ പ്രസവിച്ച അമ്മയും സകല പരിശുദ്ധന്മാരും എനിക്കുവേണ്ടി നിന്നോടു അപേക്ഷിക്കും. ഇവരെല്ലാവരുടെയും പ്രാര്‍ത്ഥനയാലും അപേക്ഷയാലും കുറ്റക്കാരനായ എന്നോട് കനിവുണ്ടാകേണമേ. എന്‍റെ ആത്മപാപങ്ങള്‍ ക്ഷമിച്ചുകൊള്ളേണമേ. കര്‍ത്താവേ! വലിയ മഹത്വത്തോടെ നീ എഴുന്നള്ളുന്ന ദിവസത്തില്‍ അനുതാപത്തില്‍ പൂര്‍ണ്ണത വന്നവരോടും പതിനൊന്നാം മണി നേരത്തെ വേലക്കാരോടും കൂടെ നിന്‍റെ വലത്തുഭാഗത്തു ഞാന്‍ നിന്നു നിന്നെയും നിന്‍റെ പിതാവിനെയും ശുദ്ധമുള്ള നിന്‍റെ റൂഹായെയും സ്തുതിപ്പാന്‍ എന്നെ യോഗ്യമുള്ളവനാക്കിത്തീര്‍ക്കേണമേ. ആമ്മീന്‍.
അപേക്ഷ
ആറാം ദിവസം ആറാം മണിനേരത്തു ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി നിന്‍റെ തിരുമനസ്സാല്‍ കുരിശില്‍ തൂങ്ങപ്പെട്ടവനായ കര്‍ത്താവേ! ഞങ്ങളുടെ രക്ഷിതാവ് നീ ആകയാല്‍ ഞങ്ങളുടെ പാപങ്ങളുടെ ചീട്ടു നീ കീറിക്കളയേണമേ. നിന്‍റെ ഇഷ്ടത്താല്‍ ഞങ്ങള്‍ക്കുവേണ്ടി സ്ലീബായാല്‍ തൂങ്ങപ്പെട്ടവനും സ്ലീബായാല്‍ പാപത്തെ പതിപ്പിച്ചവനും മരണത്തില്‍ അകപ്പെട്ടിരിക്കുന്ന ആദാമിനെ ജീവിപ്പിച്ചവനുമായ എന്‍റെ കര്‍ത്താവേ! ജീവിപ്പിക്കുന്ന നിന്‍റെ കഷ്ടാനുഭവങ്ങളാലും തുറക്കപ്പെട്ടിരിക്കുന്ന ആണികളാലും ഞങ്ങളിലുള്ള ദുര്‍വികാരങ്ങളെയും ദുഖങ്ങളെയും നീ മരിപ്പിക്കേണമേ. കരുണയുള്ള ദൈവം നീയാകകൊണ്ട് സംക്ഷേപിച്ചുകൂടാത്ത നിന്‍റെ ന്യായവിധിയുടെ ഓര്‍മയ്ക്ക് ഞങ്ങളുടെ ബോധങ്ങളെ നീ തിരുപ്പിക്കേണമേ. എന്‍റെ കര്‍ത്താവേ! അയോഗ്യന്മാരായ നിന്‍റെ ദാസന്മാരാകുന്ന ഞങ്ങള്‍ നിനക്ക് സ്തോത്രം ചെയ്ത്, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ! നിന്‍റെ കൃപ നിമിത്തം നിന്നോടു ഞങ്ങള്‍ അപേക്ഷിച്ചു പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ അകൃത്യം ഹേതുവായിട്ടു ആറാം മണി നേരത്ത് കാലുകളും കൈകളും ആണികളാല്‍ തറയ്ക്കെപ്പെട്ട കൃപയുള്ള കര്‍ത്താവേ! നിന്നെക്കുറിച്ചുള്ള സ്നേഹത്തിലും ഭയത്തിലും ഞങ്ങളുടെ ആത്മാക്കളെയും ശരീരങ്ങളെയും ബോധങ്ങളെയും തറച്ചുകൊള്ളേണമേ. ഞങ്ങള്‍ക്കുവേണ്ടി ആക്ഷേപവും പരിഹാസവും നിന്ദയും ഏറ്റുകൊള്ളുവാന്‍ ഇഷ്ടം തോന്നി ഏറ്റവനായ കര്‍ത്താവേ! പാപ വികാരങ്ങളെയും മാംസത്തിന്‍റെ മോഹങ്ങളെയും ഞങ്ങളില്‍ നിന്നു നീക്കികളയേണമേ. നിന്‍റെ കൃപയുടെ വസ്ത്രങ്ങള്‍കൊണ്ട് പാപത്തിന്‍റെ ലജ്ജയില്‍നിന്നും ദുഖങ്ങളില്‍നിന്നും ഞങ്ങളെ വിടുവിച്ചു രക്ഷിച്ചുകൊള്ളേണമേ. കാവല്‍ക്കാര്‍ തങ്ങളില്‍ നിന്‍റെ കുപ്പായങ്ങളെ വിഭാഗിച്ച് നിന്‍റെ കുപ്പായത്തിന് ചീട്ടിട്ടിട്ടുള്ളവനായ എന്‍റെ കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങളെ കുറിച്ച് അനുതപിച്ചവരെ നീ കൈക്കൊണ്ട് പിന്നെ പാപത്തിന് തിരിയാതിരുന്നവരോടും കൂടെ നല്ല കൃപ ഞങ്ങള്‍ക്ക് നീ നല്‍കേണമേ. പിതാവേ! അവര്‍ ചെയ്യുന്നത് ഇന്നതെന്ന് അവരറിയുന്നില്ല. അവരോടു നീ ക്ഷമിക്കേണമേ എന്ന് തന്നെ കുരിശില്‍ തൂക്കിയവരെക്കുറിച്ച് തന്‍റെ പിതാവിനോട് അപേക്ഷിചിട്ടുള്ള എന്‍റെ കര്‍ത്താവേ! അറിവോടും അറിവുകൂടാതെയും ഇഷ്ടത്തോടും ഇഷ്ടം കൂടാതെയും ഞങ്ങള്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ ഒക്കെയും ഞങ്ങളോട് നീ ക്ഷമിക്കേണമേ.
കഴിഞ്ഞതും വരുവാന്‍ ഇരിക്കുന്നതുമായ സകള്‍ കുറ്റങ്ങളില്‍ നിന്നും ഞങ്ങളെ സ്വാതന്ത്ര്യപെടുത്തേണമേ. സ്ലീപ്പായാല്‍ ഭൂമിയിന്മേല്‍ ഒക്കെയും അന്ധകാരം വരുത്തിയ എന്‍റെ കര്‍ത്താവേ! ഞങ്ങളുടെ നേരെയുള്ള വൈരികളുടെ യുദ്ധത്തില്‍ അവന്‍റെ കണ്ണുകളെ അടച്ച് അവന്‍റെ തിന്മയില്‍ നിന്ന് ഞങ്ങളെ മറച്ചുകൊള്ളേണമേ. സകലത്തിലും ദൈവവും രാജാവും നീയാകുന്നു എന്ന് ഏറ്റുപറഞ്ഞ നിന്‍റെ വലത്തുഭാഗത്ത് ആയിരുന്ന കള്ളന്‍റെ ഹൃദയത്തെ പ്രകാശിപ്പിച്ച കര്‍ത്താവേ! നിന്‍റെ കല്പനകളുടെ വഴിയില്‍ നടപ്പാനും ഒടുക്കത്തെ ശ്വാസംവരെ നിന്‍റെ ദൈവത്ത്വത്തെ ഏറ്റുപറവാനും ഞങ്ങളുടെ ഹൃദയത്തിലെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. ആ നപുംസകനെ ശിഷ്യനാക്കുവാനായിട്ട് പീലിപ്പോസിന്‍റെ അടുക്കല്‍ നിന്‍റെ മാലാഖായേ അയച്ച ഞങ്ങളുടെ കര്‍ത്താവേ! നിന്‍റെ ജീവനുള്ള വഴി ഞങ്ങളെ പഠിപ്പിക്കാനും സാത്താന്‍റെയും ദുഷ്ടന്മാരായ മനുഷ്യരുടെയും സകല ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളുവാനായിട്ടും നിരപ്പിന്‍റെ മാലാഖായെ ഞങ്ങള്‍ക്ക് നീ അയക്കേണമേ. നിന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും തങ്ങളുടെ പാപങ്ങളില്‍ നിന്ന് വെടിപ്പാക്കപെടുമെന്ന് പത്രോസ് മാളികയില്‍ പ്രാര്‍ഥിക്കുന്ന സമയത്ത് അവന്‍റെ പ്രാര്‍ത്ഥന കേട്ട് അവനെ വസ്ത്രദര്‍ശനത്താല്‍ തിരിച്ചറിയിപ്പിച്ച ഞങ്ങളുടെ കര്‍ത്താവേ! രഹസ്യവും പരസ്യവുമായ ഞങ്ങളുടെ പാപങ്ങളില്‍ നിന്നും ഞങ്ങളെ വെടിപ്പാക്കേണമേ. ഊര്ശ്ലെമില്‍ നിന്ന് ദമസ്കൊസിന് പൗലോസ് പോകുന്ന സമയത്ത് അവനു നീ വെളിപ്പെട്ട് നിന്‍റെ അടുക്കലേക്ക് തിരിപ്പിച്ചവനായ കര്‍ത്താവേ! നിന്‍റെ അനുഗ്രഹത്താല്‍ വഴി തെറ്റില്‍ നിന്ന് ഞങ്ങളെ തിരികെ വരുത്തി അവനുണ്ടായതുപോലെ ഹൃദയത്തിന്‍റെ കണ്ണുകളെ പ്രകാശിപ്പിച്ചു വിശ്വാസത്തിലും പ്രവര്‍ത്തിയിലും ഞങ്ങള്‍ അവനെ പിന്‍തുടര്‍ന്ന് ജീവനുള്ള നിന്‍റെ സ്കീപ്പായാല്‍ പ്രശംസിപ്പാന്‍ ഞങ്ങളെ യോഗ്യന്മാരാക്കേണമേ. പിന്നെയും കര്‍ത്താവേ! വാഴ്ത്തപ്പെട്ടവന്‍ നീയാകകൊണ്ട് നിനക്കും നിന്‍റെ പിതാവിനും ശുദ്ധമുള്ള നിന്‍റെ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുവാന്‍ ഞങ്ങളെ നീ യോഗ്യന്മാരാക്കേണമേ. അമ്മീന്‍.
സര്‍വ വല്ലഭാനായിരിക്കുന്ന കര്‍ത്താവേ! നിന്‍റെ ഏകപുത്രന്‍റെ കഷ്ടാനുഭവങ്ങളുടെ സമയങ്ങള്‍ ഞങ്ങള്‍ക്ക് അപേക്ഷകളുടെയും ആശ്വാസങ്ങളുടെയും സമയങ്ങളാക്കി നീ തീര്‍ത്തിരിക്കകൊണ്ട് നിനക്ക് ഞങ്ങള്‍ സ്തോത്രം ചെയ്ത് നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു. എന്‍റെ കര്‍ത്താവേ! ഈ സമയത്ത് ഞങ്ങളുടെ നമസ്കാരവും അപേക്ഷയും നീ കൈകൊള്ളേണമേ. നിന്‍റെ ഏക പുത്രന്‍ സ്ലീബാമേല്‍ തൂങ്ങപ്പെട്ട നാഴികയില്‍ തിന്മപെട്ടവന്‍റെ ശക്തിയൊക്കെയും നീ മറച്ചുകളഞ്ഞ പ്രകാരം പാപത്തില്‍ നിന്ന്‍ ഞങ്ങളുടെ മേല്‍ എഴുതപെട്ടിരിക്കുന്ന കുറ്റങ്ങളുടെ ചീട്ടു കീറി ഇല്ലായ്മ ചെയ്യേണമേ. വന്ദിക്കപ്പെട്ടതും ശുദ്ധമുള്ളതുമായ നിന്‍റെ തിരുനാമത്തെ ഐക്യമത്യപെടുത്തുന്ന വിശേഷമുള്ള വ്യാപാരങ്ങളെയും വെടിപ്പുള്ള ജീവസ്സുകളെയും ഞങ്ങള്‍ക്ക് നല്‍കേണമേ. ആദ്യന്തമില്‍ല്ലാത്ത പിതാവേ! നിനക്കും നിന്‍റെ ഏകപുത്രനും ശുദ്ധമുള്ള നിന്‍റെ രൂഹായ്ക്കും ഞങ്ങള്‍ സ്തുതി കരേറ്റികൊണ്ട് കുറ്റമില്ലാത്ത നിന്‍റെ ഏക പുത്രന്‍റെ പ്രബലപ്പെട്ട സിംഹാസനത്തിന്‍ മുമ്പാകെ നില്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. അമ്മീന്‍.
ഇരുപത്തിരണ്ടരയുടെ നമസ്കാരം
Fenn George Alex
No comments:
Post a Comment