പിതാവിനും പുത്രനും പരിശുദ്ധ റൂഹായുമായ സത്യേക ദൈവത്തിന്‍റെ തിരുനാമത്തില്‍ തനിക്കു സ്തുതി. ആദിമുതല്‍ എന്നെന്നേക്കും തന്നെ. ആമീന്‍.
തന്‍റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറയപ്പെട്ടിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുവാനിരിക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു. ഉയരങ്ങളില്‍ സ്തുതി.
ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കു വേണ്ടി കുരിശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണ ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ മേല്‍ കരുണയുണ്ടാകേണമേ. ഞങ്ങളുടെ കര്‍ത്താവേ! കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ശുശ്രൂഷയും നമസ്കാരവും കൈക്കൊണ്ടു ഞങ്ങളോടു കരുണ ചെയ്യണമേ.
ദൈവമേ! നിനക്കു സ്തുതി. സൃഷ്ടാവേ! നിനക്കു സ്തുതി. പാപികളായ നിന്‍റെ അടിയാരോടു കരുണ ചെയ്യുന്ന മിശിഹാ രാജാവേ! നിനക്കു സ്തുതി, ബാറെക്മോര്‍,
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ. ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ തിന്മപ്പെട്ടവനില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.
കൃപ നിറഞ്ഞ മറിയമേ! നിനക്കു സമാധാനം. നമ്മുടെ കര്‍ത്താവ് നിന്നോടുകൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍ ആകുന്നു. നിന്‍റെ ഉദരഫലമായ നമ്മുടെ കര്‍ത്താവീശോമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ശുദ്ധമുള്ള കന്യക മര്‍ത്തമറിയമേ! തമ്പുരാന്‍റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണ സമയത്തും ദൈവം തമ്പുരാനോടു അപേക്ഷിച്ചു കൊള്ളേണമേ, ആമ്മീന്‍.
Fenn George Alex
No comments:
Post a Comment