Wednesday, January 14, 2015

തിങ്കള്‍ ഒമ്പതാംമണി

ജീവിപ്പിക്കുന്നതായ തന്‍റെ കഷ്ടാനുഭാവങ്ങളാല്‍ ഞങ്ങളുടെ പാപബന്ധനങ്ങളെ അഴിക്കുകയും ജീവനുണ്ടാകുന്ന മരണത്താല്‍ മരണത്തിന്‍റെ ശക്തി നശിപ്പിക്കയും സംക്ഷേപിക്കാവതല്ലാത്ത തന്‍റെ വ്യാപാര രഹസ്യത്താല്‍ ജ്ഞാനികളുടെ ജ്ഞാനവും അറിവുള്ളവരുടെ തിരിച്ചറിവും കുറ്റപ്പെടുത്തി ജയിക്കയും സംരക്ഷിക്കുന്ന സ്ലീബായുടെ ശക്തിയാല്‍ പാതാളത്തിന്‍റെ വാതിലുകളെ തകര്‍ക്കുകയും ആദാമിനെയും അവന്‍റെ മക്കളെയും അതിന്‍റെ ആഴങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്തവനായ സ്വര്‍ഗീയപിതാവിന്‍റെ ഏകപുത്രനും വചനവുമായ ഞങ്ങളുടെ കര്‍ത്താവേശുമിശിഹായായ മനുഷ്യരെ സ്നേഹിക്കുന്ന കര്‍ത്താവേ! നിന്‍റെ കൃപയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. നിന്‍റെ വിശുദ്ധരൂഹായുടെ കൃപ ഞങ്ങള്‍ക്കു തരേണമെ. ദുഷ്ടന്‍റെ ജ്വലിക്കുന്ന അസ്ത്രങ്ങള്‍ കെടുത്തുവാനും ഞങ്ങളുടെ ആയുസ്സുള്ള നാള്‍ ഒക്കെയും നീതിയിലും സത്യത്തിലും നിനക്കു ശുശ്രൂഷ ചെയ്വാനുമായി ജയമുള്ള നിന്‍റെ സ്ലീബായാകുന്ന ആയുധം ഞങ്ങളെ ധരിപ്പിക്കേണമെ. എന്‍റെ കര്‍ത്താവേ! ഞങ്ങളുടെ സ്വാഭാവികമായ ബലഹീനത നീ അറിയുന്നു. ഞങ്ങള്‍ക്കു സഹായവും അനുഗ്രഹവും തന്നു സകല അന്യായത്തില്‍നിന്നും ഞങ്ങളെ ശുദ്ധീകരിച്ചു സ്വതന്ത്രമാക്കേണമെ. നിന്‍റെ നല്ല ഇഷ്ടം ചെയ്വാനായിട്ടു നിന്നെക്കുറിച്ചുള്ള ഭയം ഞങ്ങള്‍ക്കു തരേണമേ. എന്‍റെ കര്‍ത്താവേ! നിന്‍റെ രാജ്യത്തില്‍ നീ എഴുന്നള്ളിവരുമ്പോള്‍ ഞങ്ങളെ ഓര്‍ത്തു നിന്‍റെ വലത്തുഭാഗത്തു കള്ളനെപ്പോലെ ഞങ്ങളെ പുണ്യപ്പെടുത്തേണമെ. അനുഗ്രഹങ്ങള്‍ക്കും പാപമോചനത്തിനും ഞങ്ങളെ യോഗ്യരാക്കേണമെ. ദുഷ്ടനില്‍നിന്നും അവന്‍റെ പരീക്ഷകളില്‍ നിന്നും, അവന്‍റെ യുദ്ധങ്ങളില്‍ നിന്നും രക്ഷിച്ചുകൊള്ളേണമെ. നീ അനുഗ്രഹമുള്ളവനും ദയയുള്ളവനും പാപികളോടു കരുണ ചെയുന്നവനും അവരുടെ അപേക്ഷ കൈക്കൊള്ളുന്നവനും ആകുന്നു. നിനക്കും പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എല്ലായ്പോഴും എന്നേക്കും സ്തുതി യോഗ്യമാകുന്നു. ആമ്മീന്‍.


Fenn George Alex

No comments:

Post a Comment