Wednesday, January 14, 2015

തിങ്കള്‍ മൂന്നാംമണി

ഏവരുടെയും ഹൃദയങ്ങളെ പരിശോധിക്കുന്നവനും വിശുദ്ധന്മാരില്‍ വസിക്കുന്നവനും പാപങ്ങള്‍ ക്ഷമിക്കുന്നവനുമായ ദൈവമായ കര്‍ത്താവേ! നിന്‍റെ മുമ്പാകെ നില്‍പ്പാന്‍ ഞങ്ങള്‍ക്കു യോഗ്യതയില്ലെന്നും നിന്‍റെ സന്നിധിയിലേക്ക് അടുത്തുവരുന്നതിനു ഞങ്ങള്‍ക്കു ധൈര്യം ഇല്ലെന്നും നിന്‍റെ കര്‍ത്തൃത്വത്തില്‍ മഹത്വത്തിനു മുമ്പാകെ പറയുന്നതിനു ഞങ്ങള്‍ക്കു വചനം ഇല്ലെന്നും നീ അറിയുന്നു. ഇതു ഹേതുവായിട്ടു നിന്‍റെ ഏറിയ അനുഗ്രഹങ്ങളാല്‍ നല്ല ഇഷ്ടത്തോടുകൂടി നിന്നെ വന്ദിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമെ. എന്തെന്നാല്‍ നീ താഴ്മയുള്ളവരെ സ്നേഹിക്കുന്ന ദൈവമാകുന്നു. ഞങ്ങളുടെ കടങ്ങളെ ക്ഷമിക്കയും ഈ നേരത്ത് അനുഗ്രഹവും കൃപയും കണ്ടെത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമെ. നിന്‍റെ വിശുദ്ധ സ്ലീഹന്മാര്‍ക്കു നീ പറഞ്ഞയച്ചതുപോലെ നിന്‍റെ വിശുദ്ധ രുഹായുടെ ശക്തിയെ ഞങ്ങള്‍ക്കു പറഞ്ഞയക്കേണമെ. അവന്മൂലം ഞങ്ങള്‍ ശക്തി പ്രാപിക്കയും നിന്നെ ഞങ്ങള്‍ പ്രസാദിപിക്കയും ചെയ്യണമെ. കര്‍ത്താവേ! നീ തിരിഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു കാത്തുകൊള്ളേണമെ. എന്തെന്നാല്‍ നീ ഞങ്ങളുടെ ആത്മാക്കളുടെ പുണ്യവും കണ്ണുകളുടെ പ്രകാശവും ആയുസ്സിന്‍റെ ഭരണകര്‍ത്താവും ഞങ്ങളുടെ ജീവന്റെ ബീജവും ആശാബന്ധവും ആകുന്നു. കുറ്റമില്ലാത്ത ജീവിതം ഞങ്ങള്‍ക്കു തരേണമെ. ഞങ്ങളെല്ലാവരും ഏക ശരീരമായിത്തീരുവാന്‍ നിന്‍റെ വിശുദ്ധറൂഹായുടെ കൃപയാല്‍ ഞങ്ങളുടെ ശരീരങ്ങളെയും ആത്മാക്കളെയും ശുദ്ധീകരിക്കേണമെ. നിന്നെ പ്രസാദിപ്പിച്ചിട്ടുള്ള ശുദ്ധിമാന്‍മാരോടുകൂടെ ഓഹരി ലഭിക്കുമാറാകേണമെ. പിതാവും പുത്രനും വിശുദ്ധറൂഹായുമേ! സ്തുതിയും സ്തോത്രവും നിനക്കു ഇപ്പോഴും എപ്പോഴും എന്നേക്കും യോഗ്യമാകുന്നു. ആമ്മീന്‍.


Fenn George Alex

No comments:

Post a Comment