Saturday, January 3, 2015

ഞായര്‍ രാത്രി

ഞങ്ങളുടെ രക്ഷിതാവായ ദൈവമേ! നിനക്കു സ്തുതി. ഞങ്ങളുടെ രാജാവായ ദൈവമേ! നിനക്കു സ്തുതി. നിനക്കും ഭാഗ്യവാനായ നിന്‍റെ പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും സ്തുതി. എന്‍റെ ദൈവമായ എന്‍റെ മിശിഹാ കര്‍ത്താവേ! നിന്‍റെ ഇഷ്ടത്താല്‍ ഞാന്‍ കിടന്നുറങ്ങി, വീണ്ടും ഞാന്‍ ഉണര്‍ന്നു. മനുഷ്യരെ സ്നേഹിക്കുന്നവനേ! നിന്‍റെ കരുണയാല്‍ ചീത്തയായ ദര്‍ശനങ്ങളേയും പ്രയോചനമില്ലാത്ത വികാരങ്ങളെയും എന്നില്‍നിന്നു നീക്കിക്കളയേണമേ. 

എന്‍റെ കര്‍ത്താവേ! ഉറക്കത്തില്‍ നിന്നു എഴുന്നേറ്റ് ദൈവത്തെ മഹത്വപെടുത്തുന്ന കൂട്ടങ്ങളോടുകൂടെ ഒരുങ്ങുക. ഞങ്ങളുടെ സ്വഭാവത്തിന്‍റെ ഉടയവനും ദോഷങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കുന്നവനുമായ കര്‍ത്താവേ! നിന്‍റെ മരണത്താല്‍ മരണത്തിന്‍റെ അധികാരത്തെ നീ അഴിച്ച് പാപനിദ്രയുടെ മരണത്തെ നീ അഴിക്കേണമേ. 

എന്‍റെ ആത്മാവേ കര്‍ത്താവിനെ നീ മഹത്വപെടുത്തി ഉന്നത ശബ്ദത്താല്‍ അട്ടഹസിച്ച് കര്‍ത്താവേ! എന്‍റെമേല്‍ അനുഗ്രഹം ചെയ്യണമേ എന്നു പറയുക. കഷ്ടത നിമിത്തമുള്ള കണ്ണീരോടുകൂടി നീ നിലവിളിച്ച് നിന്‍റെ ഉദാസീനതയില്‍നിന്നു നീ ഉണര്‍ന്ന്‍ നിന്‍റെ മടിയെ വിട്ട് എഴുന്നേല്‍ക്കുക. അരിഷ്ടതയുള്ള എന്‍റെ ആത്മാവേ! നിന്‍റെ ദുഷ്ക്രിയകളെയും ഏറിയ അകൃത്യങ്ങളെയും ഓര്‍ക്കുക. എന്‍റെ ആത്മാവേ! നിന്‍റെ മരണത്തിന്‍റെ ദിവസത്തെയും, വഴിക്കുള്ള ഭയത്തെയും, ദൈവത്തിലുള്ള എതിരെല്പിനെയും, കെട്ടുപോകാത്ത അഗ്നിയേയും ചാകാത്ത പുഴുവിനേയും നീ ഓര്‍ക്കുക. എന്‍റെ ആത്മാവേ മരണദിവസം വരുന്നതിനു മുമ്പ് അനുതപതിനു ഓടിയെത്തി മണവാളന്‍ തന്‍റെ മണവറയില്‍ പ്രവേശിച്ചു വാതില്‍ അടയ്കുന്നതിനുമുമ്പ് അനുഗ്രഹം യാചിക്കുക, ഞങ്ങളുടെ കര്‍ത്താവേശുമിശിഹാ! നിന്നെ ഞാന്‍ വന്ദിക്കുകയും നിന്‍റെ മനുഷ്യസ്നേഹത്തോട് അപേക്ഷികുകയും ചെയുന്നു.  നിന്‍റെ കൃപപോലെ എന്‍റെ മേല്‍ അനുഗ്രഹം ചെയ്യണമേ. എന്‍റെ സകല പാപങ്ങളും എന്നോടു നീ ക്ഷമിക്കേണമേ. മരണത്തിനുമുമ്പ് സത്യമുള്ള അനുതാപം നീ എനിക്കു തരേണമെ. എന്‍റെ കടങ്ങളുടെ ബഹുത്വം നിമിത്തം എന്നില്‍ അറപ്പുതോന്നി എന്നില്‍ നിന്നു നിന്‍റെ തിരുമുഖത്തെ നീ തിരിച്ചുകളകയും എന്‍റെ അപേക്ഷയെ നിരസിക്കയും ചെയ്യാതെ നിന്‍റെ കരുണയാല്‍ എന്നോടു നീ ഉത്തരമരുളിചെയ്യണമെ. ചോദിപ്പീന്‍ നിങ്ങള്‍ക്കു നല്‍കപ്പെടും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറക്കപ്പെടും എന്നു നീ അരുളി ചെയ്തിടുണ്ടല്ലോ. എന്‍റെ കര്‍ത്താവേ! ഇതാ ഞാന്‍ ചോദിക്കയും നിന്‍റെ അനുഗ്രഹങ്ങള്‍ ആകുന്ന വാതിലില്‍ മുട്ടുകയും ചെയ്യുന്നു. നിന്‍റെ കരുണയാകുന്ന വാതിലിനെ എനിക്കു തുറന്നു തരേണമേ. അതിനെ അടച്ചുകളകയുമരുതെ. എന്‍റെ കര്‍ത്താവേ! നിന്‍റെ ദാസന്‍റെ നേരെ നിന്‍റെ തിരുമുഖം പ്രകാശിപ്പിച്ച് കൃപയാല്‍ എന്നെ രക്ഷിക്കേണമെ. എന്‍റെ വിചാരം നിങ്കലേക്കുയര്‍ത്തി എന്‍റെ ഹൃദയത്തില്‍ നിന്നെ കുറിച്ചുള്ള ഭയം സ്ഥിരപ്പെടുത്തെണമേ. നിനക്കു ഇഷ്ടമില്ലാത്ത സകല വിചാരങ്ങളും എന്നില്‍ നിന്നു നിര്‍മൂലമാക്കേണമെ. എന്‍റെ കര്‍ത്താവേ! ദുര്‍മോഹങ്ങളാല്‍ മരിച്ചിരിക്കുന്ന എന്‍റെ ആത്മാവിനെ ജീവിപ്പിക്കേണമെ. രഹസ്യവും പരസ്യവും ആയ പാപമാലിന്യത്തില്‍നിന്നും, കറകളില്‍നിന്നും എന്നെ ശുദ്ധീകരിക്കേണമെ. എല്ലാ നാളും എല്ലാ നേരവും അവസാനശ്വാസത്തോളം ആശ്വാസപ്രദമായ വിശുദ്ധ റൂഹായുടെ കൃപ എന്നില്‍ നീ പുതുക്കേണമെ. ആമ്മീന്‍. 


Sunday Prayer.
Raathri Prarthana 

Fenn George Alex 

No comments:

Post a Comment