Wednesday, January 14, 2015

തിങ്കള്‍ ഒമ്പതാംമണി

ജീവിപ്പിക്കുന്നതായ തന്‍റെ കഷ്ടാനുഭാവങ്ങളാല്‍ ഞങ്ങളുടെ പാപബന്ധനങ്ങളെ അഴിക്കുകയും ജീവനുണ്ടാകുന്ന മരണത്താല്‍ മരണത്തിന്‍റെ ശക്തി നശിപ്പിക്കയും സംക്ഷേപിക്കാവതല്ലാത്ത തന്‍റെ വ്യാപാര രഹസ്യത്താല്‍ ജ്ഞാനികളുടെ ജ്ഞാനവും അറിവുള്ളവരുടെ തിരിച്ചറിവും കുറ്റപ്പെടുത്തി ജയിക്കയും സംരക്ഷിക്കുന്ന സ്ലീബായുടെ ശക്തിയാല്‍ പാതാളത്തിന്‍റെ വാതിലുകളെ തകര്‍ക്കുകയും ആദാമിനെയും അവന്‍റെ മക്കളെയും അതിന്‍റെ ആഴങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്തവനായ സ്വര്‍ഗീയപിതാവിന്‍റെ ഏകപുത്രനും വചനവുമായ ഞങ്ങളുടെ കര്‍ത്താവേശുമിശിഹായായ മനുഷ്യരെ സ്നേഹിക്കുന്ന കര്‍ത്താവേ! നിന്‍റെ കൃപയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. നിന്‍റെ വിശുദ്ധരൂഹായുടെ കൃപ ഞങ്ങള്‍ക്കു തരേണമെ. ദുഷ്ടന്‍റെ ജ്വലിക്കുന്ന അസ്ത്രങ്ങള്‍ കെടുത്തുവാനും ഞങ്ങളുടെ ആയുസ്സുള്ള നാള്‍ ഒക്കെയും നീതിയിലും സത്യത്തിലും നിനക്കു ശുശ്രൂഷ ചെയ്വാനുമായി ജയമുള്ള നിന്‍റെ സ്ലീബായാകുന്ന ആയുധം ഞങ്ങളെ ധരിപ്പിക്കേണമെ. എന്‍റെ കര്‍ത്താവേ! ഞങ്ങളുടെ സ്വാഭാവികമായ ബലഹീനത നീ അറിയുന്നു. ഞങ്ങള്‍ക്കു സഹായവും അനുഗ്രഹവും തന്നു സകല അന്യായത്തില്‍നിന്നും ഞങ്ങളെ ശുദ്ധീകരിച്ചു സ്വതന്ത്രമാക്കേണമെ. നിന്‍റെ നല്ല ഇഷ്ടം ചെയ്വാനായിട്ടു നിന്നെക്കുറിച്ചുള്ള ഭയം ഞങ്ങള്‍ക്കു തരേണമേ. എന്‍റെ കര്‍ത്താവേ! നിന്‍റെ രാജ്യത്തില്‍ നീ എഴുന്നള്ളിവരുമ്പോള്‍ ഞങ്ങളെ ഓര്‍ത്തു നിന്‍റെ വലത്തുഭാഗത്തു കള്ളനെപ്പോലെ ഞങ്ങളെ പുണ്യപ്പെടുത്തേണമെ. അനുഗ്രഹങ്ങള്‍ക്കും പാപമോചനത്തിനും ഞങ്ങളെ യോഗ്യരാക്കേണമെ. ദുഷ്ടനില്‍നിന്നും അവന്‍റെ പരീക്ഷകളില്‍ നിന്നും, അവന്‍റെ യുദ്ധങ്ങളില്‍ നിന്നും രക്ഷിച്ചുകൊള്ളേണമെ. നീ അനുഗ്രഹമുള്ളവനും ദയയുള്ളവനും പാപികളോടു കരുണ ചെയുന്നവനും അവരുടെ അപേക്ഷ കൈക്കൊള്ളുന്നവനും ആകുന്നു. നിനക്കും പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എല്ലായ്പോഴും എന്നേക്കും സ്തുതി യോഗ്യമാകുന്നു. ആമ്മീന്‍.


Fenn George Alex

തിങ്കള്‍ മദ്ധ്യാനം

സകലത്തിന്‍റെയും ഉടയവനേ! നിന്നെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. സര്‍വശക്ത്തനേ! നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു. എന്തെന്നാല്‍ നീ നിന്‍റെ ഏക പുത്രന്‍റെ കഷ്ടാനുഭവങ്ങളുടെ നേരങ്ങളെ പ്രാര്‍ത്ഥനയുടെയും ആശ്വാസത്തിന്‍റെയും സമയങ്ങളാക്കിത്തീര്‍ത്തു. ഞങ്ങളുടെ കര്‍ത്താവേ! ഈ നേരത്തു ഞങ്ങളുടെ പ്രാര്‍ഥനകളും അപേക്ഷകളും കൈക്കൊള്ളേണമെ. നിന്‍റെ ഏക പുത്രന്‍ ക്രൂശിക്കപ്പെട്ട നാഴികയില്‍ പാപത്തെ മായിച്ച് അതിന്‍റെ ശക്തി അശേഷം നശിപ്പിച്ച പ്രകാരം പാപത്താല്‍ ഞങളുടെമേല്‍ എഴുതിയിരിക്കുന്ന കടചീട്ടുകളെ കീറിക്കളയേണമെ. വന്ദിക്കപ്പെട്ടതും പരിശുദ്ധമായ നിന്‍റെ നാമത്തെ നിരപ്പാക്കുന്ന വെടിപ്പുള്ള ജീവിതവും സുകൃതനടപടികളും ഞങ്ങള്‍ക്കു തരേണമെ. ആദിയും അന്തവും ഇല്ലാത്ത പിതാവേ! നിന്നെയും നിന്‍റെ പരിശുദ്ധ രൂഹായെയും സ്തുതിച്ചുകൊണ്ട് നിന്‍റെ ഏകപുത്രന്റെ ഭയങ്കര സിംഹാസനത്തിനു മുമ്പാകെയുള്ള കുട്ടംകൂടാത്ത നിലയ്ക്ക് ഞങ്ങളെ യോഗ്യരാക്കേണമെ. അതു ഇപ്പോഴും എല്ലായ്പോഴും എന്നേക്കും തന്നെ. ആമ്മീന്‍.


Fenn George Alex

തിങ്കള്‍ മൂന്നാംമണി

ഏവരുടെയും ഹൃദയങ്ങളെ പരിശോധിക്കുന്നവനും വിശുദ്ധന്മാരില്‍ വസിക്കുന്നവനും പാപങ്ങള്‍ ക്ഷമിക്കുന്നവനുമായ ദൈവമായ കര്‍ത്താവേ! നിന്‍റെ മുമ്പാകെ നില്‍പ്പാന്‍ ഞങ്ങള്‍ക്കു യോഗ്യതയില്ലെന്നും നിന്‍റെ സന്നിധിയിലേക്ക് അടുത്തുവരുന്നതിനു ഞങ്ങള്‍ക്കു ധൈര്യം ഇല്ലെന്നും നിന്‍റെ കര്‍ത്തൃത്വത്തില്‍ മഹത്വത്തിനു മുമ്പാകെ പറയുന്നതിനു ഞങ്ങള്‍ക്കു വചനം ഇല്ലെന്നും നീ അറിയുന്നു. ഇതു ഹേതുവായിട്ടു നിന്‍റെ ഏറിയ അനുഗ്രഹങ്ങളാല്‍ നല്ല ഇഷ്ടത്തോടുകൂടി നിന്നെ വന്ദിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമെ. എന്തെന്നാല്‍ നീ താഴ്മയുള്ളവരെ സ്നേഹിക്കുന്ന ദൈവമാകുന്നു. ഞങ്ങളുടെ കടങ്ങളെ ക്ഷമിക്കയും ഈ നേരത്ത് അനുഗ്രഹവും കൃപയും കണ്ടെത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമെ. നിന്‍റെ വിശുദ്ധ സ്ലീഹന്മാര്‍ക്കു നീ പറഞ്ഞയച്ചതുപോലെ നിന്‍റെ വിശുദ്ധ രുഹായുടെ ശക്തിയെ ഞങ്ങള്‍ക്കു പറഞ്ഞയക്കേണമെ. അവന്മൂലം ഞങ്ങള്‍ ശക്തി പ്രാപിക്കയും നിന്നെ ഞങ്ങള്‍ പ്രസാദിപിക്കയും ചെയ്യണമെ. കര്‍ത്താവേ! നീ തിരിഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു കാത്തുകൊള്ളേണമെ. എന്തെന്നാല്‍ നീ ഞങ്ങളുടെ ആത്മാക്കളുടെ പുണ്യവും കണ്ണുകളുടെ പ്രകാശവും ആയുസ്സിന്‍റെ ഭരണകര്‍ത്താവും ഞങ്ങളുടെ ജീവന്റെ ബീജവും ആശാബന്ധവും ആകുന്നു. കുറ്റമില്ലാത്ത ജീവിതം ഞങ്ങള്‍ക്കു തരേണമെ. ഞങ്ങളെല്ലാവരും ഏക ശരീരമായിത്തീരുവാന്‍ നിന്‍റെ വിശുദ്ധറൂഹായുടെ കൃപയാല്‍ ഞങ്ങളുടെ ശരീരങ്ങളെയും ആത്മാക്കളെയും ശുദ്ധീകരിക്കേണമെ. നിന്നെ പ്രസാദിപ്പിച്ചിട്ടുള്ള ശുദ്ധിമാന്‍മാരോടുകൂടെ ഓഹരി ലഭിക്കുമാറാകേണമെ. പിതാവും പുത്രനും വിശുദ്ധറൂഹായുമേ! സ്തുതിയും സ്തോത്രവും നിനക്കു ഇപ്പോഴും എപ്പോഴും എന്നേക്കും യോഗ്യമാകുന്നു. ആമ്മീന്‍.


Fenn George Alex

Monday, January 12, 2015

തിങ്കള്‍ പ്രഭാതം

ദൈവമേ! എന്‍റെ അവയവങ്ങളെ മുക്കികളയുന്ന ഉറക്കത്തില്‍ നിന്ന് അയോഗ്യനായ എന്നെ സൌഖ്യത്തോടെ എഴുന്നേല്‍പ്പിച്ചതുകൊണ്ട് നിനക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു. കര്‍ത്താവേ! എന്‍റെ ഉണര്‍ച്ച നിന്‍റെ നാമ മഹത്വത്തിനായിരിക്കേണമെ. കര്‍ത്താവേ! എന്‍റെ ആത്മാവ് വ്യര്‍ത്ഥവും അശുദ്ധവുമായ സംസര്‍ഗ്ഗങ്ങളില്‍ ഉള്‍പെടത്തക്കവണ്ണം മോഹങ്ങളുടെ അപകടത്താല്‍ എന്‍റെ ബോധത്തെ ആകല്‍ക്കറുസാ വഞ്ചിക്കുന്നതിനിടയാകരുതേ. കര്‍ത്താവേ! എന്‍റെ ബോധത്തെ നിങ്കലേക്കു സംയോചിപ്പിച്ചുകൊള്ളേണമെ. എന്‍റെ ഹൃദയത്തെ നിങ്കലേക്കു തിരിപ്പിക്കേണമെ. എന്‍റെ ആത്മാവിനെ അശുദ്ധവിചാരങ്ങളില്‍നിന്നും നിന്ദ്യമായ ആലോചനകളില്‍നിന്നും രക്ഷിക്കേണമെ. നിന്നെ സ്തുതിപ്പാനായി എന്‍റെ വായ്‌ തുറക്കേണമെ. എന്‍റെ ജീവിതകാലം മുഴുവനും സത്യമായി നിന്നെ വന്ദിപ്പാനും താത്പര്യത്തോടുകൂടി നിന്നെ വാഴ്ത്തുവാനും അറിവോടുകൂടി നിനക്കു കീര്‍ത്തനം പാടുവാനും എന്നെ യോഗ്യനാക്കേണമെ. നിന്‍റെ സ്ലീബായാല്‍ എന്‍റെ വിചാരങ്ങളെ കാത്തുകൊള്ളേണമെ. പിശാചുകളുടെ വഞ്ചനകളില്‍നിന്നും ദുഷ്ടമനുഷ്യരുടെ ഉപദ്രവങ്ങളില്‍നിന്നും വീണ്ടുകൊള്ളേണമേ. എന്‍റെ കടങ്ങളെ ക്ഷമിക്കയും എന്‍റെ പാപങ്ങളെ പരിഹരിക്കയും ചെയ്യണമെ.

ഞങ്ങളുടെ കര്‍ത്താവും എന്നേക്കും ഞങ്ങളുടെ ദൈവവുമേ! എന്നെയും ഈ സ്ഥലത്തുള്ള എല്ലാ സഹോദരങ്ങളെയും വിശ്വാസികളായ സകല മരിച്ചുപോയവരെയും ആശ്വസിപ്പിക്കേണമെ. ആയതു നിന്‍റെ മാതാവിന്‍റെയും സകല ശുദ്ധിമാന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍

Fenn George Alex

Saturday, January 10, 2015

തിങ്കള്‍ രാത്രി

തനിക്കു സ്തുതി പാടുന്നതിനായി തന്‍റെ ശക്തിയാല്‍ എല്ലായ്പോഴും സ്വര്‍ഗ്ഗവാസികളെ ഇളക്കുന്ന ഉറക്കം തുങ്ങാത്തവനും ഉറങ്ങാത്തവനും ആയ ഉണര്‍വുള്ളവനേ! നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. എന്‍റെ കര്‍ത്താവേ! ദുഷ്ടതയിലേക്കു ചായാത്തതും വെടിപ്പുള്ളതുമായ ഉണര്‍ച്ചയാലും ശോഭയുള്ളവയും വെടിപ്പുള്ളവയും അനിത്യമായ ഈ ലോകചിന്തകളില്‍ നിന്ന് ഒഴിഞ്ഞിരിക്കുന്നവനുമായ ആത്മീയ വിചാരങ്ങളുടെ നിര്‍മ്മതയാലും നിന്നെ സ്തുതിപ്പാന്‍ ബലഹീനന്മാരും അരിഷ്ടന്മാരുമായ ഞങ്ങളെ ബലപെടുത്തുകയും ഞങ്ങളുടെ ഹൃദയങ്ങളെ തുടച്ചു വെടിപ്പാക്കുകയും ചെയ്യണമെ. സകല പ്രകൃതികളിലും അടക്കവും മൌനവും ഉണ്ടായിരിക്കുന്ന ഈ രാത്രിയില്‍ സ്വര്‍ഗ്ഗീയ മാലാഖമാരുടെ സാദ്രിശ്യത്തില്‍ നിന്‍റെ മുമ്പാകെ ഞങ്ങള്‍ നില്കുമാറാകേണമെ. അവരുടെ സംഘത്തിന്‍റെ നിര്‍മ്മലകൂട്ടങ്ങളില്‍ ഞങ്ങളുടെ ഉണര്‍വ്വും കലര്‍ത്തപെടുമാറാകേണമെ. പിതാവും പുത്രനും വിശുദ്ധറൂഹായുമെ! നീ നല്ല ഉടയവനാകയാല്‍ ആത്മാവിലും സത്യത്തിലും വന്ദിക്കുന്നവരായി സ്വര്‍ഗ്ഗവാസികളും ഭൂവാസികളുമായ എല്ലാവരുടെയും വായില്‍നിന്നും സ്തുതിയും വന്ദനവും നിനക്കു യോഗ്യമാകുന്നു. അത് ഇപ്പോഴും എല്ലായ്പ്പോഴും എന്നേക്കും. ആമ്മീന്‍.


Fenn George Alex

Friday, January 9, 2015

തിങ്കള്‍ സൂത്താറാ

സ്വര്‍ഗ്ഗീയ രാജാവും ആശ്വാസത്തിന്റെ ദൈവവുമായുള്ലോവേ! അയോഗ്യനും പാപിയും ആയിരിക്കുന്ന നിന്‍റെ ദാസനായ എന്നോടു കരുണയുണ്ടായി എന്നെ നീതിമാനാക്കേണമെ. എന്‍റെ കര്‍ത്താവേ! അനേകം വികാരങ്ങള്‍ ഉള്ള മനുഷ്യനെപ്പോലെ ഇഷ്ടത്തോടുകൂടെയോ ബലാല്‍ക്കാരം നിമിത്തമോ അറിവോടോ അറിവുകൂടാതെയോ ഞാന്‍ പാപം ചെയ്തുപോയി. എങ്കില്‍ അത് എന്‍റെ മടി നിമിത്തവും ഞാനക്കുറവുമൂലവും സംഭവിച്ചതാകുന്നു. കരുണയുള്ളവനായ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവേ! നിന്‍റെ തിരുനാമത്തില്‍ വ്യാജമായി ഞാന്‍ ആണയിടുകയോ, വിചാരത്തില്‍ ഞാന്‍ വല്ലവരെയും നിന്ദിക്കുകയോ, കുറ്റം പറഞ്ഞു വ്യസനിപ്പിക്കുകയോ, വല്ലതിനും കഷ്ടപെടുത്തുകയോ, എന്നെക്കുറിച്ചു ദുഷിച്ചു പറഞ്ഞ സഹോദരനോട് ഞാന്‍ ഷണ്ഠയായിരിക്കുകയോ, എന്‍റെ വിചാരം പ്രാര്‍ത്ഥനാസമയത്ത് ഈ ലോകത്തിലെ നിരര്‍ത്ഥകാര്യത്തില്‍ പതറിപ്പോകയോ, ഓരോ ദുഷ്ടമോഹങ്ങളിലേക്കു ഞാന്‍ ചായുകയോ വാശിയോടും ചിരിയോടുംകൂടി സംസാരിക്കുകയോ, വ്യര്‍ത്ഥസ്തുതിയാല്‍ പ്രിയപ്പെടുകയോ, ഉദരസ്നേഹത്താല്‍ ജയിക്കപെടുകയോ, വൃദ്ധന്മാരെ ആക്ഷേപിക്കുകയോ, പ്രയോചനമില്ലാത്ത മഹത്വത്തിനായി ആഗ്രഹിക്കുകയോ, സഹോദരനെ തിന്മയോടുകൂടി നോക്കുകയോ, പ്രാര്‍ത്ഥനക്കു മടികാണിക്കയോ, ചീത്തയായിരിക്കുന്ന മറ്റുവല്ലതും പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇവയൊക്കെയും പരിഹാരമുണ്ടാക്കി എന്നോടു ക്ഷമിക്കേണമേ. എന്‍റെ കര്‍ത്താവേ! ഇവ മാത്രമല്ല ഇവയില്‍ അതികമായിട്ടുള്ളവയും ഞാന്‍ ചെയ്തുപോയി. നീ ക്ഷമിച്ചുകൊള്ളേണമെ, നിന്‍റെ സമാധാനത്താല്‍ ഞാന്‍ കിടന്നുറങ്ങുകയും സമാദാനത്തോടുകൂടി രാത്രിയില്‍ എഴുന്നേറ്റു നിന്നെ സ്തോത്രം ചെയ്തു വന്ദിക്കയും വിശുദ്ധിയും മഹത്വവുമുള്ള നിന്‍റെ വിശുദ്ധ രൂഹായുടെയും തിരുനാമത്തെ മഹത്വപെടുത്തുകയും ചെയ്യുമാറാകേണമെ. ആമ്മീന്‍.


Fenn George Alex

തിങ്കള്‍ സന്ധ്യ

ഈ പകല്‍ സമാധാനത്തോടുകൂടെ കഴിച്ചുകൂട്ടുവാനും ഈ സന്ധ്യയ്ക്ക് ശാന്തതയോടെ വന്നടുക്കുവാനും ഞങ്ങളെ യോഗ്യരാക്കിത്തീര്‍ത്ത ദയയുള്ള കര്‍ത്താവേ! നിനക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. എന്‍റെ കര്‍ത്താവേ! തിരുസന്നിധിയില്‍ ഞങ്ങള്‍ കഴിക്കുന്ന ഈ പ്രാര്‍ത്ഥന കൈക്കൊള്ളേണമെ, തിന്മപെട്ടവന്റെ ദുരുപദേശത്തില്‍ നിന്നു ഞങ്ങളെ നീ രക്ഷിക്കേണമെ. വഞ്ചകന്‍റെ സകല കെണികളെയും ഞങ്ങളില്‍ നിന്നു മായിച്ചു കളയേണമെ, വിചാരങ്ങളില്‍ നിന്നും വലചിലുകളില്‍ നിന്നും ഉള്ള അടക്കത്തോടുകൂടി ഈ സന്ധ്യയും രാത്രിയും കഴിച്ചുകൂട്ടുവാനും ഞങ്ങള്‍ക്കു നീ സംഗതിയാക്കേണമെ. സാത്താന്‍റെ മായാമോഹങ്ങളാല്‍ ഞങ്ങള്‍ പരീക്ഷിക്കപെടരുതേ. സമാധാനത്തോടുകൂടി ഈ രാത്രി കഴിപ്പാനും നിനക്കു കടപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും, സ്തുതികള്‍ക്കും വെടിപ്പോടെ എഴുന്നേല്‍ക്കുവനായി ഞങ്ങളെ യോഗ്യരാക്കേണമെ. ഞങ്ങളുടെ ദൈവമായുള്ലോവേ! എല്ലാ നേരത്തും സ്തുതിയും സ്തോത്രവും നിനക്കു യോഗ്യമാകുന്നു. ആമ്മീന്‍.


Fenn George Alex

Wednesday, January 7, 2015

ഞായര്‍ ഒമ്പതാംമണി

എന്‍റെ കര്‍ത്താവേ! എന്നോടു കരുണയുണ്ടാകേണമെ. സ്വര്‍ഗത്തോടും നിന്‍റെ തിരുമുമ്പാകെയും ഞാന്‍ പാപം ചെയ്തു. ഇനിയും നിന്‍റെ പുത്രനെന്നു വിളിക്കപെടുവാന്‍ ഞാന്‍ യോഗ്യനല്ല. നിന്‍റെ കൂലിക്കാരില്‍ ഒരുവനെപ്പോലെ എന്നെ ആക്കിത്തീര്‍ക്കേണമെ. എന്‍റെ കര്‍ത്താവേ! എന്നോടു കരുണയുണ്ടാകേണമേ, കൃപയാല്‍ ഞങ്ങളുടെ പിതാവും, സ്വഭാവത്താല്‍ എന്‍റെ സൃഷ്ടാവുമായുള്ളോവേ! നിന്‍റെ മുമ്പാകെ ഞാന്‍ പാപം ചെയ്തു എന്നു ഏറ്റുപറയുന്നു. നീ അറിഞ്ഞിരിക്കുന്നവനാകയാല്‍ ഞാന്‍ അവയെ മറയ്ക്കുന്നില്ല, നിനക്കു സ്ഥിരമായിരിക്കുന്നതിനെ ഞാന്‍ ഉപേക്ഷിച്ചു പറയുന്നതുമില്ല, കുറ്റക്കാരനെപോലെ ഞാന്‍ നില്‍ക്കുന്നു. കല്പനലംഘനക്കാരനെപ്പോലെ ഞാന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവനാകുന്നു. എന്‍റെ പിതാവേ! സ്വര്‍ഗത്തോടും നിന്‍റെ തിരുമുമ്പാകെയും ഞാന്‍ പാപം ചെയ്തു. ഇനിയും നിന്‍റെ പുത്രനെന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല. നിന്‍റെ കൂലിക്കാരനില്‍ ഒരുവനെപ്പോലെ എന്നെ ആക്കിത്തീര്‍ക്കേണമെ. എന്‍റെ കര്‍ത്താവേ! നിന്‍റെ രാജ്യത്തില്‍ നിന്ന് എന്നെ തള്ളികളയരുതെ. എന്‍റെ കര്‍ത്താവേ! എന്നോട് കരുണ ഉണ്ടാകേണമെ. മുമ്പ് ഞാന്‍ ചെയ്തിട്ടുള്ള അകൃത്യങ്ങളെ എന്നോടു ഓര്‍ക്കരുതേ. എന്‍റെ കര്‍ത്താവേ! നിന്നെ ഞാന്‍ അറിയുന്നില്ല എന്ന് എന്നോട് കല്പിക്കയുമരുതേ. ആമ്മീന്‍.

By Fenn George Alex

ഞായര്‍ മദ്ധ്യാഹ്നം

മനുഷ്യരെ സ്നേഹിക്കുന്നവനായ കര്‍ത്താവേ! ഏതു പ്രകാരമുള്ള സ്തുതിയും, പുകഴ്ത്തലും, സ്തോത്രവും, നിനക്കു ഞങ്ങള്‍ ചെയ്യേണ്ടു, മരണത്തില്‍ ഞങ്ങള്‍ നശിച്ചു പാപസമുദ്രത്തില്‍ മുഴുകിയിരുന്നപ്പോള്‍, ഞങ്ങളുടെ കര്‍ത്താവും ദൈവവും, രക്ഷിതാവുമായ യേശുമിശിഹായാകുന്ന ഏകപുത്രന്റെ വരവാല്‍ ഞങ്ങളോടു നീ കരുണ ചെയ്തു. അവന്‍ ഞങ്ങള്‍ക്കുവേണ്ടി ജീവനെ കൊടുക്കത്തക്കവണ്ണം അതിരില്ലാതെ ഞങ്ങളെ സ്നേഹിച്ചു. അവന്‍റെ അനുഗ്രഹങ്ങള്‍കൊണ്ടും ഞങ്ങളുടെ പാപങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കയും സ്വര്‍ഗ്ഗവാസികള്‍ക്കും ഭൂവാസികള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന ശത്രുതയെ ഇല്ലായ്മ ചെയ്യുകയും ചെയ്തു. നിന്‍റെ ജീവനുള്ള സ്കീപ്പായും ജീവിക്കുന്ന കഷ്ടാനുഭാവത്താലും സാത്താന്റെ അടിമയില്‍നിന്നും ഞങ്ങളെ സ്വതന്ത്ര്യപെടുത്തുകയും ഞങ്ങളെ സ്വാതന്ത്ര്യത്തിന്റെ മക്കളായിത്തീര്‍ക്കുകയും ചെയ്തു. സംക്ഷേപിക്കാവതല്ലാത്ത രഹസ്യത്താലും അവര്‍ണ്ണനീയമായ ജ്ഞാനത്തിലും ജീവവഴി അവര്‍ ഞങ്ങള്‍ക്കു എളുപ്പമുള്ളതാക്കിതീര്‍ത്തു. കര്‍ത്താവേ! ഞങ്ങളുടെ ആത്മാക്കളെയും ശരീരങ്ങളെയും ശുദ്ധീകരിക്കേണമേ. ഞങ്ങള്‍ക്കു ഈ നേരത്ത് വെടിപ്പോടെ നിന്ന്റെ തിരുമുമ്പാകെ നിന്നു വിശുദ്ധിയോടെ നിനക്കു ശുശ്രൂഷ ചെയ്യുകയും എന്നുമെന്നെക്കും നിന്നെ മഹത്വപെടുത്തുകയും ചെയ്വാനായിട്ട് ഞങ്ങളെ യോഗ്യരാക്കേണമെ. ആമ്മീന്‍.

By Fenn George Alex

ഞായര്‍ മൂന്നാംമണി

വലിയവനും ആദ്യന്തമില്ലാത്തവനും തന്നെ സ്നേഹിക്കുന്നവര്‍ക്കായി തന്‍റെ വാഗ്ദാനവും സത്യവും കാത്തുകൊള്ളുന്നവനും യേശുമിശിഹായായ നിന്‍റെ പുത്രനാല്‍ പാപത്തില്‍ നിന്നും രക്ഷ ഉണ്ടാക്കിയവനും സകലത്തിന്റെയും ജീവനും നിന്നില്‍ സങ്കെതപെടുന്നവരുടെ സഹായിയും നിന്നില്‍ അന്വേഷിക്കുന്നവരുടെ ശരണവും മുന്നാം മണി നേരം അഗ്നിനാവിന്റെ സാദ്രിശ്യത്തില്‍ വിശുദ്ധ ശ്ലീഹന്മാരുടെമേല്‍ ചോരിഞ്ഞുകൊടുത്ത തന്‍റെ പരിശുദ്ധ രൂഹാ മുഖാന്തിരം ഞങ്ങളെ പ്രബലപെടുത്തിയവനും ആയിരിക്കുന്ന ദൈവമായ കര്‍ത്താവേ! നിന്‍റെ വിശുദ്ധ റൂഹായെ എല്ലായ്പോഴും ഞങ്ങള്‍ക്ക് തന്ന് ഞങ്ങളെ ഐശ്വര്യവാന്മാരാക്കേണമേ. രഹസ്യവും പരസ്യവും ആയ ഞങ്ങളുടെ പാപങ്ങളില്‍ നിന്നും നിനക്ക് ഇഷ്ടമില്ലാത്ത സകല വിചാരങ്ങളില്‍ നിന്നും റൂഹായാല്‍ ഞങ്ങള്‍ വെടിപ്പാക്കപെടുമാറാകേണമെ.  ഞങ്ങളുടെമേലുള്ള നിന്‍റെ സകല കൃപകള്‍ക്കും വേണ്ടി ഞങ്ങള്‍ സ്തോത്രം ചെയ്തുകൊണ്ട് നിഷ്കളങ്കമായ ഹൃദയത്തോടും നിര്‍മലമായ ആത്മാവോടും കൂടെ നിന്‍റെ തിരുമുമ്പാകെ നില്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. അമ്മീന്‍. 

ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാ! നിന്‍റെ വിശുദ്ധ സ്ലീഹന്മാര്‍ക്കു നീ കൊടുത്തിട്ടുള്ള പരിശുദ്ധ റൂഹാ ആയ സകലത്താലും അധികാരമുള്ള പുത്രസ്വീകാര്യത്തിന്‍റെയും, അറിവിന്‍റെയും, പരാക്രമത്തിന്റെയും റുഹായെ ഞങ്ങള്‍ക്കു തരേണമേ. അവന്‍ എല്ലായ്പോഴും ഞങ്ങളോടുകൂടെ പാര്‍ക്കുമാറാകേണമെ. അവന്‍റെ വ്യാപാരങ്ങളില്‍ നിന്നു ഞങ്ങളെ വിരോധിക്കപെടുകയും അരുതേ. സര്‍വ്വവ്യാപിയും സകലത്തെയും പൂര്‍ണമാക്കുന്നവനും നന്മകളുടെ ശ്രീഭണ്ടാരവും ജീവന്‍ കൊടുക്കുന്നവനുമായ സത്യാത്മാവിനെ കൊണ്ട് ആശ്വസിപ്പിക്കുന്ന സ്വര്‍ഗീയ പിതാവേ! ഞങ്ങളുടെ നേരെ തിരിഞ്ഞ് ഞങ്ങളില്‍ വസിക്കേണമേ. സകല മലിനതകളില്‍ നിന്നും ഞങ്ങളെ ശുദ്ധരാക്കി ഞങ്ങളുടെ ആത്മാക്കളെ രക്ഷിക്കേണമെ. ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാ! നിന്‍റെ ശിഷ്യരുടെ അടുക്കല്‍ നീ അവര്‍ക്കു സമാധാനം കൊടുത്തപ്രകാരം നിന്‍റെ ദാസന്മാരായ ഞങ്ങളോടുകൂടിയിരുന്നു ഞങ്ങള്‍ക്കു രക്ഷ നല്‍കേണമെ. ആമ്മീന്‍. 

By Fenn George Alex

Monday, January 5, 2015

ഞായര്‍ പ്രഭാതം

സകലത്തിന്‍റെയും ഉടയവനായ ദൈവമേ! നന്മയായിട്ടും ഗുണമായിട്ടും ഉള്ള യാതൊന്നും തിരുമുമ്പാകെ ഞാന്‍ ചെയ്യാതിരുന്നിട്ടും അയോഗ്യനായ എന്നെ നിന്‍റെ കൃപയാലും കരുണയാലും ബഹുത്വത്താലും ഇതുവരെ കാത്തുസൂക്ഷിച്ചതിനായിട്ട് നിനക്കു ഞാന്‍ സ്തോത്രം ചെയ്യുന്നു. ഇപ്പോള്‍ മിശിഹാതമ്പുരാനേ! ബലഹീനമായ എന്‍റെ ശുശ്രൂഷയും അയോഗ്യമായ എന്‍റെ പ്രാര്‍ഥനയും നിനക്കു ചെയ്യുവാനായിട്ടു അയോഗ്യനായ എന്നെ നിന്‍റെ കരുണ ഉയര്‍ത്തി എഴുന്നേല്പിചു. കരുണയുള്ളവനും അലിവുള്ളവനുമായ എന്‍റെ കര്‍ത്താവേ! നിന്‍റെ അനുഗ്രഹങ്ങള്‍ നിമിത്തം എന്നോടു കരുണ ചെയ്യണമെ. എന്‍റെ ശുശ്രുഷ നിന്‍റെ ബഹുമാനത്തിനും എന്‍റെ പ്രാര്‍ത്ഥന നിന്‍റെ തിരുവിഷ്ടത്തിനും ആയിത്തീരുവാനും എന്‍റെ യാചനകളും അപേക്ഷകളും നിന്‍റെ ശ്രേഷ്ടതയുടെ മുമ്പാകെ കൈകൊള്ളപെടുവാനും ആയിട്ട് നിന്‍റെ കരുണയാല്‍ എന്നെ യോഗ്യനാക്കേണമേ. ആമ്മീന്‍. 


Fenn George Alex 

Saturday, January 3, 2015

ഞായര്‍ രാത്രി

ഞങ്ങളുടെ രക്ഷിതാവായ ദൈവമേ! നിനക്കു സ്തുതി. ഞങ്ങളുടെ രാജാവായ ദൈവമേ! നിനക്കു സ്തുതി. നിനക്കും ഭാഗ്യവാനായ നിന്‍റെ പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും സ്തുതി. എന്‍റെ ദൈവമായ എന്‍റെ മിശിഹാ കര്‍ത്താവേ! നിന്‍റെ ഇഷ്ടത്താല്‍ ഞാന്‍ കിടന്നുറങ്ങി, വീണ്ടും ഞാന്‍ ഉണര്‍ന്നു. മനുഷ്യരെ സ്നേഹിക്കുന്നവനേ! നിന്‍റെ കരുണയാല്‍ ചീത്തയായ ദര്‍ശനങ്ങളേയും പ്രയോചനമില്ലാത്ത വികാരങ്ങളെയും എന്നില്‍നിന്നു നീക്കിക്കളയേണമേ. 

എന്‍റെ കര്‍ത്താവേ! ഉറക്കത്തില്‍ നിന്നു എഴുന്നേറ്റ് ദൈവത്തെ മഹത്വപെടുത്തുന്ന കൂട്ടങ്ങളോടുകൂടെ ഒരുങ്ങുക. ഞങ്ങളുടെ സ്വഭാവത്തിന്‍റെ ഉടയവനും ദോഷങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കുന്നവനുമായ കര്‍ത്താവേ! നിന്‍റെ മരണത്താല്‍ മരണത്തിന്‍റെ അധികാരത്തെ നീ അഴിച്ച് പാപനിദ്രയുടെ മരണത്തെ നീ അഴിക്കേണമേ. 

എന്‍റെ ആത്മാവേ കര്‍ത്താവിനെ നീ മഹത്വപെടുത്തി ഉന്നത ശബ്ദത്താല്‍ അട്ടഹസിച്ച് കര്‍ത്താവേ! എന്‍റെമേല്‍ അനുഗ്രഹം ചെയ്യണമേ എന്നു പറയുക. കഷ്ടത നിമിത്തമുള്ള കണ്ണീരോടുകൂടി നീ നിലവിളിച്ച് നിന്‍റെ ഉദാസീനതയില്‍നിന്നു നീ ഉണര്‍ന്ന്‍ നിന്‍റെ മടിയെ വിട്ട് എഴുന്നേല്‍ക്കുക. അരിഷ്ടതയുള്ള എന്‍റെ ആത്മാവേ! നിന്‍റെ ദുഷ്ക്രിയകളെയും ഏറിയ അകൃത്യങ്ങളെയും ഓര്‍ക്കുക. എന്‍റെ ആത്മാവേ! നിന്‍റെ മരണത്തിന്‍റെ ദിവസത്തെയും, വഴിക്കുള്ള ഭയത്തെയും, ദൈവത്തിലുള്ള എതിരെല്പിനെയും, കെട്ടുപോകാത്ത അഗ്നിയേയും ചാകാത്ത പുഴുവിനേയും നീ ഓര്‍ക്കുക. എന്‍റെ ആത്മാവേ മരണദിവസം വരുന്നതിനു മുമ്പ് അനുതപതിനു ഓടിയെത്തി മണവാളന്‍ തന്‍റെ മണവറയില്‍ പ്രവേശിച്ചു വാതില്‍ അടയ്കുന്നതിനുമുമ്പ് അനുഗ്രഹം യാചിക്കുക, ഞങ്ങളുടെ കര്‍ത്താവേശുമിശിഹാ! നിന്നെ ഞാന്‍ വന്ദിക്കുകയും നിന്‍റെ മനുഷ്യസ്നേഹത്തോട് അപേക്ഷികുകയും ചെയുന്നു.  നിന്‍റെ കൃപപോലെ എന്‍റെ മേല്‍ അനുഗ്രഹം ചെയ്യണമേ. എന്‍റെ സകല പാപങ്ങളും എന്നോടു നീ ക്ഷമിക്കേണമേ. മരണത്തിനുമുമ്പ് സത്യമുള്ള അനുതാപം നീ എനിക്കു തരേണമെ. എന്‍റെ കടങ്ങളുടെ ബഹുത്വം നിമിത്തം എന്നില്‍ അറപ്പുതോന്നി എന്നില്‍ നിന്നു നിന്‍റെ തിരുമുഖത്തെ നീ തിരിച്ചുകളകയും എന്‍റെ അപേക്ഷയെ നിരസിക്കയും ചെയ്യാതെ നിന്‍റെ കരുണയാല്‍ എന്നോടു നീ ഉത്തരമരുളിചെയ്യണമെ. ചോദിപ്പീന്‍ നിങ്ങള്‍ക്കു നല്‍കപ്പെടും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറക്കപ്പെടും എന്നു നീ അരുളി ചെയ്തിടുണ്ടല്ലോ. എന്‍റെ കര്‍ത്താവേ! ഇതാ ഞാന്‍ ചോദിക്കയും നിന്‍റെ അനുഗ്രഹങ്ങള്‍ ആകുന്ന വാതിലില്‍ മുട്ടുകയും ചെയ്യുന്നു. നിന്‍റെ കരുണയാകുന്ന വാതിലിനെ എനിക്കു തുറന്നു തരേണമേ. അതിനെ അടച്ചുകളകയുമരുതെ. എന്‍റെ കര്‍ത്താവേ! നിന്‍റെ ദാസന്‍റെ നേരെ നിന്‍റെ തിരുമുഖം പ്രകാശിപ്പിച്ച് കൃപയാല്‍ എന്നെ രക്ഷിക്കേണമെ. എന്‍റെ വിചാരം നിങ്കലേക്കുയര്‍ത്തി എന്‍റെ ഹൃദയത്തില്‍ നിന്നെ കുറിച്ചുള്ള ഭയം സ്ഥിരപ്പെടുത്തെണമേ. നിനക്കു ഇഷ്ടമില്ലാത്ത സകല വിചാരങ്ങളും എന്നില്‍ നിന്നു നിര്‍മൂലമാക്കേണമെ. എന്‍റെ കര്‍ത്താവേ! ദുര്‍മോഹങ്ങളാല്‍ മരിച്ചിരിക്കുന്ന എന്‍റെ ആത്മാവിനെ ജീവിപ്പിക്കേണമെ. രഹസ്യവും പരസ്യവും ആയ പാപമാലിന്യത്തില്‍നിന്നും, കറകളില്‍നിന്നും എന്നെ ശുദ്ധീകരിക്കേണമെ. എല്ലാ നാളും എല്ലാ നേരവും അവസാനശ്വാസത്തോളം ആശ്വാസപ്രദമായ വിശുദ്ധ റൂഹായുടെ കൃപ എന്നില്‍ നീ പുതുക്കേണമെ. ആമ്മീന്‍. 


Sunday Prayer.
Raathri Prarthana 

Fenn George Alex 

Friday, January 2, 2015

ഞായര്‍ സൂത്താറ

Sunday Soothara Prayer

ഞായര്‍ സൂത്താറ


ഉറക്കം തുങ്ങാത്ത ജാഗ്രതയുള്ളവനും ഇസ്രായേലിന്‍റെ ഉറക്കമില്ലാത്ത കാവല്‍കാരനുമായ എന്‍റെ കര്‍ത്താവേ! നിന്‍റെ ഉയര്‍ച്ച എന്‍റെ ഉറക്കത്തെ കാത്തുകൊള്ളുമാറാകേണമേ. എന്‍റെ കര്‍ത്താവേ! ഞാന്‍ അറിയാതെ എന്‍റെ ജയത്തെ നശിപ്പിക്കരുതേ. എന്നോടുകൂടെ  മോഹത്തിനു ഉറക്കം പിടിക്കയും  എന്‍റെ അവയവങ്ങളോട് കൂടെ ജഡവികാരങ്ങള്‍ അടങ്ങുകയും ചെയ്യുമാറാകേണമേ. എനിക്കും എന്നിലുണ്ടാകുന്ന ദുര്‍മോഹങ്ങള്‍ക്കും ഒന്നുപോലെ ഉറക്കം ഉണ്ടാകേണമേ. പരിശുദ്ധനായുല്ലോവേ! ഞാന്‍ നിനക്കു വിശുദ്ധ ആലയമായി തീരേണ്ടതിനു എന്നെ നീ വെടിപ്പാക്കേണമേ. ഞാന്‍ ഉണര്‍ന്നാലും മോഹം എന്നില്‍ ഉറങ്ങുമാറാകേണമേ. എന്‍റെ കര്‍ത്താവേ! എന്നോട് യുദ്ധം ചെയ്യുന്ന വൈരികള്‍ക്കു ഞാന്‍ പരിഹാസ പാത്രമായി  തീരരുതേ. അവരുടെ ഇഷ്ടം  പ്രവര്‍ത്തിപ്പിക്കാതിരിക്കാനായിട്ടു  അവരുടെ വന്‍ചനകളില്‍നിന്നും എന്നെ കാത്തുകൊള്ളേണമേ. എന്‍റെ കര്‍ത്താവേ! നിന്റെ കൃപ എന്നെ ശിക്ഷക്കു വിധിക്കയില്ലെങ്കിലും എന്‍റെ അവയവങ്ങളെ അശുദ്ധപെട്ടിരിക്കുന്നവനായി എന്‍റെ ശത്രുക്കള്‍ കാണുന്നതില്‍ അവര്‍ക്ക് സന്തോഷമുണ്ടാകുമല്ലോ. നിന്റെ തൃക്കൈ എന്‍റെ മേല്‍ അതായത് എന്‍റെ കിടക്കമേല്‍ വിടര്‍ത്തപ്പെട്ടിരിക്കുന്നത്  അവര്‍ കണ്ടു ഭയപ്പെടുമാറാകേണമേ. ഞാന്‍ അറിയാതെ എന്‍റെ ശരീരം അവര്‍ക്കു  മോഹത്തിന്‍റെ ശുശ്രുഷക്കരനായി തീരരുതേ. കണ്ടാലും എന്‍റെ കിടക്കയെ ഇതാ നിന്‍റെ തിരുമുമ്പില്‍ ഞാന്‍ വിരിച്ചിരിക്കുന്നു. എന്‍റെ കര്‍ത്താവേ നിന്‍റെ തൃകണ്ണുകള്‍ നിന്‍റെ ദാസന്‍റെമേല്‍ ഇരിക്കേണമേ. ഉറക്കമില്ലാത്ത ഉണര്‍വുള്ളവനായ നിന്നാല്‍തന്നെ ഉറക്കത്തിലും ഉണര്‍ച്ചയിലും എന്‍റെ ആയുസ്സ് കാക്കപെടുമാറാകേണമേ. നിനക്കു സ്തുതികളും വഴ്വുകളും ഇപ്പോഴും എല്ലായ്പോഴും എന്നേയ്ക്കും യോഗ്യമാകുന്നു. ആമ്മീന്‍.

Fenn George Alex.

Thursday, January 1, 2015

ഞായര്‍ സന്ധ്യ


Sunday Evening Prayer

ഞായര്‍ സന്ധ്യാ പ്രാര്‍ത്ഥന




ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ തമ്പുരാനെ! നീ ലോകത്തിലേക്കു എഴുന്നള്ളിയത് ലോകത്തെ രക്ഷിപ്പാനല്ലാതെ  അവരെ വിധിപ്പാനായിട്ടല്ല. നിന്റെ വിശുദ്ധ കഷ്ടതകളാല്‍ രക്ഷപെടുകയും നിന്റെ സ്വന്ത രക്തത്താല്‍ വിലക്കുകൊള്ളപെടുകയും ചെയ്തവരായ ഞങ്ങളെ അനുഗ്രഹിക്കേണമേ. കര്‍ത്താവേ!  ഞങ്ങള്‍ നശിച്ചുപോകാതിരുപ്പാനായി ഞങ്ങളോടു കരുണ ചെയ്യണമേ. സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. നിന്റെ സ്ലീബായുടെ അടയാളം ഞങ്ങള്‍ക്കായി ഉദിക്കേണമേ. പകല്‍ ഞങ്ങളുടെ അടുത്തു നിന്ന് പോയിരിക്കുന്നു. നിന്റെ ദിവ്യ പ്രകാശം ഞങ്ങളില്‍ വസിക്കേണമേ. തല്ക്കാല സൂര്യന്‍ ഞങ്ങളില്‍ നിന്നു മറഞ്ഞിരിക്കുന്നു. നിന്‍റെ വിശ്വസ്ത കൃപ ഞങ്ങളില്‍ നിന്നു മറയരുതേ. കൂരിരുട്ടോടു കൂടിയ രാത്രി വന്നിരിക്ക്കുന്നു. മരണത്തോട് സദ്രിശ്യമായിരിക്കുന്ന ഉറക്കം. ഞങ്ങള്‍ ഇടവിടാതെ നിന്നെ മഹത്വപെടുതുവാന്‍ ആയിട്ടു ഈരെമാലാഖമാരെ ഉണര്‍ത്തുന്ന വിശുദ്ധ രൂഹായുടെ നല്‍ വരത്തിന്റെ ഉണര്‍വിനായി തീരേണമേ. മതിയാകും വണ്ണം  നിന്ന്നെ മഹത്വപെടുത്തുവാനായിട്ടു ഞങ്ങള്‍ക്ക് ശക്തിയില്ല. ശത്രു പതിയിരിക്കുന്നു. നിന്റെ കൃപയാല്‍ ഞങ്ങളെ ഉണര്തെനമേ. നിന്റെ അനുഗ്രഹത്താല്‍ ഞങ്ങളെ ശുദ്ധീകരിക്കുകയും കരുണയാല്‍ പുണ്യപെടുത്തുകയും നല്‍വരങ്ങളാല്‍ ഐശ്വര്യമുള്ളവരാക്കുകയും ചെയ്യണമേ. നിന്റെ കല്പനകളുടെ വഴി ഞങ്ങളെ പഠിപ്പിക്കുകയും ഞങ്ങള്‍ക്കുവേണ്ടി അണയ്കുന്ന ബലിയാല്‍ എന്നെ ശുദ്ധീകരിക്കുകയും ചെയ്യണമേ. നിന്റെ കര്ത്രിത്വതിനു  ചേര്‍ന്നു കഷ്ടാനുഭവങ്ങളുടെ നിയമം ഞങ്ങള്‍ക്കും നിനക്കും ഇടയില്‍ മധ്യസ്ഥത ആയിരിക്കേണമേ. ദൈവമേ നിന്നെ ഒഴിച്ച് മറ്റൊരുത്തരെയും ഞങ്ങള്‍ അറിയരുതേ. യോഗ്യമായിരിക്കുന്ന പ്രകാരം നിന്ന്നെ സ്ത്രോത്രം ചെയവാനായിട്ടു ഞങ്ങള്‍ക്ക് ബോധം തരേണമേ. വേണ്ടവിധം നിന്നില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുമാരാകേണമേ. ഞങ്ങള്‍ നിനക്കും നിന്റെ പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും എന്നേക്കും സ്തുതി കരേറ്റും. ആമ്മീന്‍.


Fenn George Alex.